NostalgicStories

കരിമ്പനയുടെ നാട്ടിൽ - PART1 | ജയന്റെ ഷൂട്ടിംഗ് കഥകൾ | Jayan shooting stories

 

അദ്ധ്യായം 1 

 തിരുവനന്തപുരത്തു നിന്നും 34 കിലോമീറ്റർ ദൂരെ തമിഴ്നാടിനോട് ചേർന്ന് കിടക്കുന്ന സുന്ദരമായ പ്രദേശം പാറശ്ശാല... കരിമ്പനകൾ സമൃദ്ധമായി വളരുന്ന ഇവിടുത്തെ   ഗ്രാമങ്ങൾ ഒരു ക്യാൻവാസിലെ ചിത്രങ്ങൾ പോലെ മനോഹരമാണ്.

 നാലു തലമുറകളായി പനകയറ്റമാണ് ഇവിടുത്തെ മനുഷ്യരുടെ തൊഴിൽകരിമ്പനയിൽ നിന്ന് ചെത്തിയെടുക്കുന്ന കള്ളും കരിപ്പെട്ടിയും പനനൊങ്കും പനയോലകളും ഒക്കെയാണ് ഇവരുടെ ഉപജീവനമാർഗംഉപയോഗിക്കുന്നുണ്ട്.

 പനയുടെ എല്ലാ ഭാഗങ്ങളും മനുഷ്യന്റെ ജീവിതമാർഗത്തിനായി  ഉപയോഗിക്കുന്നു     വീട്ടുപകരണങ്ങക്കു ഉപയോഗിക്കുന്നതിനു പുറമെ കഴുക്കോൽ ഉണ്ടാക്കാനും നുകം ഉണ്ടാക്കാനും പനമരവും പുര മേയാനും എഴുത്തോല ഉണ്ടാക്കാനും പനയോലയും  പൂർവികർ ഉപയോഗിച്ചിരുന്നു.കരിമ്പനയിൽ  ആൺപനയും പെൺപനയും വേറേ വേറേ കാണപെടുന്നുആൺ പനയിൽ നിന്നാണ് കള്ള് എടുക്കുന്നത്പനം തേങ്ങയുടെ ഇളയ വിത്തിനെ  നൊങ്ക്.എന്ന് പറയും.  പനനൊങ്ക് പനംകള്ള് പനം ചക്കര പനം  നൂറ് എന്നിവ ഔഷധമായി ഉപയോഗിച്ചു വരുന്നു.ഉദരരോഗങ്ങളിലും നേത്ര രോഗങ്ങളിലും കരിമ്പനയുടെ ഉത്പന്നങ്ങൾ  ഉപയോഗിച്ചു വരുന്നു

 ആയിര ഗ്രാമത്തിലെ ഏറ്റവും വലിയ കരിമ്പന ചെത്തി കള്ളെടുക്കുന്നത്  വേലനാണ് . വേലന്റെ കുടിലിൽ നിന്ന് രണ്ടു പറമ്പ് മാത്രം അകലെയുള്ള   പനയിൽ നിന്നാണ് വേലൻ പണി തുടങ്ങുന്നത് . വേലൻ ഒരു കവിൾ കരിപ്പെട്ടി കാപ്പി കുടിച്ച് പനയുടെ ചുവട്ടിലേക്ക് നടന്നു . പനയെ തൊട്ടു വന്ദിച്   ഒരു നിമിഷം പ്രാർത്ഥിച്ചു പിന്നെ പനയുടെ മുകളിലേക്ക് വലിഞ്ഞു കയറാൻ തുടങ്ങി .. അവന്റെ കുടിൽ അങ്ങ് താഴെ ചെറുതായികൊണ്ടിരുന്നു .. അതിരറിയാതെ ഒരു  തമിഴ് കാറ്റ് വേലനെ തഴുകി കടന്നുപോയി . ഏതോ അമ്പലത്തിലെ വഴിതെറ്റി വന്ന മന്ത്രോച്ചാരണങ്ങൾ വേലന്റെ കാതുകളെ മുട്ടിയുരുമ്മി കടന്നുപോയി  അടുത്തമിഷം  അതിനെ കോരിയെടുത്തു മറ്റൊരു ദിശയിലേക്കു കൊണ്ട് കൊണ്ടുപോയി.

 വേലന് പിടിപ്പതു പണിയാണ് . മാട്ടത്തിലെ കള്ളെടുത്തു ഷാപ്പിലെത്തിക്കണംചെത്താൻ തുടങ്ങിയിട്ടില്ലാത്ത പനകൾ ഒരുക്കണം  ഓലകൾ വെട്ടി താഴെ ഇറക്കണം  അങ്ങിനെ ഓരോന്ന്.

 കരിമ്പനകൾ ഇളം കാറ്റിൽ ചാഞ്ചാടി നിൽക്കുമ്പോൾ വേലൻ പനയുടെ കവിളകൾക്കിടയിലുരുന്ന് താഴേക്ക് നോക്കി . താഴെ കൊച്ചരുവിയുടെ ഓരത്ത് തന്റെ കുടിൽഅടുപ്പിൽ നിന്നുയരുന്ന  പുകയുടെ ഗന്ധം അയാളെ കടന്നു പോയി.. 

ചീരു അടുക്കളയിൽ ലക്ഷ്മിയെ സ്കൂളിൽ വിടാനുള്ള തിരക്കിലാണ് .. അവൾക്കു രണ്ടു കിലോമീറ്റർ നടന്നുപോകണം സ്കൂളിലേക്ക് .അവൾ പത്താം ക്ലസ്സിലാണ് ... ഇത് കഴിഞ്ഞാൽ  അടുത്തത്  എന്താണെന്നു ഒരു എത്തും പിടിയുമില്ല .. പാടത്തിനക്കരെയുള്ള സ്കൂളിലേക്ക് തോടിനടുത്തുകൂടിയുള്ള നടവഴിയിലൂടെയാണ് ലക്ഷ്മിയുടെ  പോക്ക് .. തോട്ടിൽ വെള്ളം പൊങ്ങുമ്പോൾ പാടത്തേക്കു കൂടി കയറും അപ്പോൾ  അവൾ ചുറ്റി വളഞ്ഞു പോകും

 അച്ഛാ …ലക്ഷ്മി യുടെ വിളി .. ഞാൻ പോകുവാണ് .. അവൾ  മുറ്റത്തു നിന്ന് അച്ഛനെ നോക്കി പറഞ്ഞു

  പനയോലകൾക്കിടയിലൂടെ വേലൻ തന്റെ മകളെ കണ്ടു .. നീല പാവാടയും വെള്ള ബ്ലൗസും അണിഞ്ഞു അവൾ സുന്ദരിയായി നിന്നു . വേലൻ ഓർത്തു  തന്റെ മകൾ വലുതായിരിക്കുന്നു ഒന്നോ രണ്ടോ വർഷം കഴിയുമ്പോൾ വല്ലവനെയും പിടിച്ചേല്പിക്കണം.മരം കയറി ജീവിക്കുന്ന സാധാരണക്കാർക്ക് സ്വപ്നങ്ങൾക്കുപോലും ക്ഷാമമാണ് . പക്ഷെ ലക്ഷ്മിക്ക് അങ്ങിനെയല്ല പഠിച്ചു ജോലിനേടി അച്ഛന്റെ കഷ്ടപ്പാട് മാറ്റും എന്നാണ് അവൾ പറയുന്നത്.

 അടുക്കളയിൽ നിന്ന് ചീരു പുറത്തേക്കു വന്നു 

നീ മുടി ചീകിയില്ലേ  കണ്ടാൽ ഭ്രാന്തിയെപ്പോലുണ്ട് .. പോയി മുടി കെട്ടി  വെക്കടീ ... മകളെ അടിമുടി നോക്കി ചീരു ശബ്ദമുയർത്തി .

 അമ്മേ... ചിണുങ്ങി കൊണ്ടവൾ അകത്തേക്കോടി പലക മറയിൽ തൂക്കിയിട്ടിരിക്കുന്ന ചെറിയ കണ്ണാടിയിൽ എത്തിക്കുത്തി നിന്ന് അവൾ  മുടി ചീകി ഒതുക്കി.  കണ്ണാടിയിൽ ഒട്ടിച്ചു വെച്ച സിന്ദൂര നിറത്തിലുള്ള ചെറിയ പൊട്ടു നെറ്റിയിൽ ഒട്ടിച്ചു വെച്ചു .. ലക്ഷ്മി സ്വയം ഒന്ന് നിരീക്ഷിച്ചു ഞാൻ ഒരു സുന്ദരി തന്നെ ... സ്വയം പറഞ്ഞിട്ടെന്തു കാര്യം കുശുമ്പില്ലാത്ത ഒരുത്തിയുണ്ടോ സ്കൂളില് .. കോന്തൻ പല്ലു ചാടിയ കുട്ടിക്കൂറ പൗഡറിൽ മുങ്ങി വരുന്ന ലീലാമണിക്കും കാറിൽ വന്നിറങ്ങുന്ന സാറാമ്മക്കും  സീമച്ചേച്ചിയാണെന്നാ ഭാവം..കണ്ടേച്ചാലും മതി . അകെ എന്റെ കൂട്ടുകാരി സുമതി പറയും എന്ത് ചിരിയാ നിന്റെ എന്ത് കളറാ നിന്റെ എന്നൊക്കെ ..

സീമചേച്ചിയെ ക്കുറിച്ചോർത്തപ്പോൾ അറിയാതെ പുസ്തകങ്ങൾ  വെച്ചിരിക്കുന്ന മേശയുടെ പുറകിലെ ചുമരിലേക്കു കണ്ണുകൾ പാഞ്ഞുതാൻ  ഏറ്റവുമധികം സ്നേഹിക്കുന്ന എന്റെ ജയേട്ടൻ തന്നെ  തന്നെ നോക്കികൊണ്ടിരുന്നു ..

എന്താ ഇങ്ങിനെ നോക്കുന്നെ .അവൾ മുടി ചീകിക്കൊണ്ട്  മുഖത്തേക്ക് നോക്കിവശ്യ മനോഹരമായ പുഞ്ചിരി നെഞ്ചിൽ തറച്ചു കൊള്ളുന്ന നോട്ടം

..ലക്ഷ്മി ഓർത്തു ..ഹോ എന്തൊരു സൗന്ദര്യമാ ജയേട്ടന് ... എന്നെങ്കിലും ഒന്നും കാണാൻ കഴിയുമോ .. പക്ഷെ മിന്നി തെളിഞ്ഞ പ്രകാശം പെട്ടെന്ന് മാഞ്ഞുപോയി 

അതൊക്കെ എങ്ങിനെ നടക്കാന് . ഞാനൊട്ടു മദ്രാസിൽ പോകത്തുമില്ല ജയേട്ടൻ  കുഗ്രാമത്തിൽ  വരത്തുമില്ല!!!

ചീരു അടുക്കളയിൽ നിന്നും പാഞ്ഞു വന്നു

 

നീ എന്നാ ഒരുക്കമാടീ ..ദേ സുമതി നിന്നെ തോടിനക്കരെ കാത്തു നിൽക്കുന്നു . അവൾ ഫോട്ടോയിലേക്കു നോക്കി മന്ത്രിച്ചു ഞാൻ പോയിട്ട് വരാം ജയേട്ടാ ...

ലക്ഷ്മി മുറ്റത്തിറങ്ങി കരിമ്പനക്കുള്ളിൽ നിന്ന് തന്നെ നോക്കിയിരിക്കുന്ന വേലനെ നോക്കി പോകുവാണെന്നു സന്ദേശം എറിഞ്ഞു

വേലൻ മകളെ നോക്കി കൈ വീശി

കുടയെടുത്തോ മോളെ മഴക്കോളുണ്ട്

എടുത്തച്ഛാ ...ലക്ഷ്മി മനോഹരമായി വേലനെ നോക്കി ചിരിച്ചു സ്കൂളിലേക്ക് നടന്നു

തന്റെ മകൾ കൈതക്കാടിനിടയിലൂടെ നടന്നുപോകുന്നത് വേലൻ കാറ്റിലാടുന്ന കരിമ്പനയുടെ മുകളിലിരുന്ന് കൺമറയുവോളം നോക്കിയിരുന്നു.

 മൂടിക്കെട്ടി നിന്ന ആകാശം അസ്തമയ സൂര്യന് വേണ്ടി വഴിമാറി കൊടുത്തു ... കരിമ്പനയുടെ മുകളിൽ നിന്നും മനുഷ്യർ ഊർന്നിറങ്ങാൻ തുടങ്ങി .... പിന്നെ ഗ്രാമച്ചന്തയിലേക്കൊരു ഒഴുക്കാണ് ...മിക്കവാറും ആളുകളുടെ മുതുകിൽ പായും വിശറിയും ചൂലും ഒക്കെ ഉണ്ടാകും... ആണുങ്ങൾ പകൽ മുഴുവൻ കരിമ്പനയുടെ മുകളിൽ ഇരിക്കുമ്പോൾ പെണ്ണുങ്ങൾ പായും ചൂലും വിശറിയും ഒക്കെ നിർമിച്ചു കുടുംബത്തിനു കൈത്താങ്ങാകാന്നു .. കള്ളും വാഴക്കുലയും തേങ്ങയുമൊക്കെ ഉണ്ടെങ്കിൽ കാളവണ്ടിയിലാണ് എല്ലാവരുടെയും പോക്ക്ഗ്രാമത്തിലെ ചന്തയിൽ ഇതൊക്കെ വാങ്ങാൻ മുതലാളിമാരുടെ തന്നെ കടകളുണ്ട് . വില പേശുമ്പോൾ 50 പൈസയോ ഒരു രൂപയോ കൂട്ടികൊടുക്കും ... അവരോടെതിർത്തിട്ട് എന്ത് കിട്ടാൻ ,,, വിലപേശിയാൽ വാങ്ങാനാളില്ലാതെ കുടുംബം പട്ടിണിയിലാകും .കച്ചവടത്തിനെകുറിച്ച്  പാവം മനുഷ്യർക്ക് ഒന്നും അറിയില്ല അവർക്ക്  ആകെയുള്ള  പരിചയം അമ്പരന്നു കണ്ടിട്ടുള്ള തിരുവനന്തപുരം നഗരം മാത്രമാണ്... അതിനപ്പുറം അവർക്കൊന്നും അറിയില്ല ...

വേലൻ കള്ള് ഷാപ്പിലെത്തിച്ച് 2 കപ്പ് മോന്തി ചന്തയിലേക്ക് നടന്നു വലിയ തിരക്കാണ് ..കുറച്ചു വീട്ട് സാധങ്ങൾ വാങ്ങി ,, ലക്ഷ്മിക്ക് അരി മുറുക്ക് പ്രത്യേകമായി വാങ്ങി അതവൾക്ക് വല്യ ഇഷ്ട്ടമാണ് . സിനിമാടാക്കിസിൽ ഉറക്കെ പാട്ടു വെച്ചിരിക്കുന്നു പതിവിലും വിപരീതമായി ഒരുപാടാളുകളുണ്ട് കൊട്ടകക്കു മുന്നിൽ ..പുതിയ സിനിമയുടെ പോസ്റ്റർ .. ആവേശം

 

 ജയന്റെ സിനിമകൾക്ക് വല്യ ഗ്രാമത്തിൽ വലിയ സ്വീകാര്യതയാണ് ..സെക്കന്റ് ഷോക്ക്  പോലും നല്ല തിരക്കാണ് . വിശേഷ ദിവസങ്ങളിലൊക്കെ ആളുകൾ  കൊട്ടകയുടെ വശത്തൊക്കെ നിന്നു കാണുംസീറ്റുകൾ നിറഞ്ഞു കഴിയുമ്പോൾ  ബെഞ്ചുകൾ  കൊണ്ട് വരുംസ്ഥലപരിമിതി ഒന്നും ആർക്കും പ്രശ്നമല്ല എങ്ങിനെയെങ്കിലും സിനിമകണ്ടാൽ മതി.

 ചീരുവിനെയും ലക്ഷ്മിയെയും ഞായറാഴ്ച സിനിമക്ക് കൊണ്ട് വരണമെന്ന്വേലൻ തീരുമാനിച്ചു.

ഒരു പരിചയക്കാരനോട് വേലൻ ചോദിച്ചു പടം എങ്ങിനെയുണ്ട്

  ഹോ ഒരു രക്ഷയുമില്ലണ്ണാ ജയൻ ഡബിൾ റോളാ ഞാൻ രണ്ടാമത് കാണാൻ നിൽക്കുവാ ..പിന്നെയും  അവൻ സിനിമയെ കുറെ  പുകഴ്ത്തി .വാക്കുകൾ കിട്ടാതെ അവന്റെ ഉമിനീര് വിക്കിപോകുന്നത് വേലൻ കണ്ടു

പിന്നണ്ണാ ... അണ്ണനറിഞ്ഞോ ഒരു വാർത്ത ഇപ്പോൾ എല്ലാവരും അതാ പറയുന്നേ

 എന്താടാ ...

 നമ്മുടെ നാട്ടിൽ സിനിമാക്കാർ വരാൻ പോവുകയാണെന്ന് . ഇവിടുത്തെ മുതലാളി  പറഞ്ഞതാ

ഷൂട്ടിംങ്ങ് തുടങ്ങാൻ പോകുകയാണെന്ന്

ഇവിടെയോ..? ഇവിടെ എന്തിരുന്നിട്ടാ  ഷൂട്ട് ചെയ്യാൻ ...

ഹാ എനിക്കറിയാന്മേല... നമ്മൾ കാണാത്തതൊക്കെ സിനിമാക്കാർ കാണും.

പനയൊക്കെയുള്ള സ്ഥലം വേണമെന്നാ പറഞ്ഞത് ..

പിന്നെ ആരൊക്കെയാ വരുന്നത് എന്നറിയാമോ ?


 
നമ്മുടെ ജയൻ ചേട്ടനും സീമ ചേച്ചിയും അവന്റെ മുഖം പൂത്തിരി കത്തുന്നത് പോലെ പ്രകാശിച്ചു.

 വേലൻ ചുറ്റും നോക്കി എല്ലാവരും ഇത് തന്നെയാണ് സംസാരിച്ചു കൊണ്ട് നില്കുന്നത് .

വേലന്റെയും മനസ്സിൽ സന്തോഷം തിരതല്ലി ..ജയൻ  ഗ്രാമത്തിൽ  വരാൻ പോകുന്നു ....ഒന്ന് കാണാൻ സാധിക്കുമോ ?

 ലക്ഷ്മിക്കും ചീരുവിനും ഇത് ഒരു സന്തോഷ വാർത്ത തന്നെയായിയിരിക്കും ..അവൾ ജയന്റെ ഫോട്ടോയെ നോക്കി വർത്തമാനം പറയുന്നത് കണ്ടിട്ടുണ്ട്അത്രക്കിഷ്ടമാണവൾക്ക്.  നേരിട്ട് കാണാൻ പറ്റുമെന്നറിയുമ്പോൾ തുള്ളിച്ചാടും പാവം

ഇരുട്ട്  വീണ  നാട്ടു വഴിയിലൂടെ കാളവണ്ടിയിലാണ് ചന്തയിൽ നിന്നും തിരിച്ചു പോക്ക് .. ആടിയും കുലുങ്ങിയും എല്ലാവരും ഞെരുങ്ങിയിരുന്നു അന്തി കള്ളിന്റെ ലഹരിയിൽ.. അവർ ഉച്ചത്തിൽ സംസാരിച്ചു പാട്ടുകൾ പാടി  .എല്ലാവർ ക്കും ഒന്ന് മാത്രമേ പറയാനുണ്ടായിരുന്നുള്ളു .. ജയനെക്കുറിച്ച് .. ഒരിക്കലും തങ്ങളുടെ കുഗ്രാമത്തിൽ സിനിമയിൽ മാത്രം കണ്ടിട്ടുള്ള സുന്ദരനായ ജയൻ എത്തുമെന്നു കരുതിയിട്ടില്ല  . മനസ്സിനെ വിശ്വസിപ്പിക്കാൻ അവർ പാടുപെട്ടു... . അവരുടെ ഓർമകളിൽ ഇഷ്ട്ട നായകൻ തിളങ്ങി നിന്നു ...

കാളവണ്ടി ഇറക്കം ഇറങ്ങി പതുക്കെ പതുക്കെ പൊക്കോണ്ടിരുന്നപ്പോൾ കിലോമീറ്ററുകൾ  അകലെ മദ്രാസ്  നഗരത്തിൽ ഒരു ഷൂട്ടിംഗ് യൂണിറ്റിന്റെ സിനിമ പ്രവർത്തകർ തകൃതിയായി ജോലിചെയ്യുകയായിരുന്നു  വലിയ ലൈറ്റുകളും സ്റ്റാണ്ടുകളും  സ്പീക്കറുകളുമൊക്കെ തയ്യാറാക്കി വെക്കുകയാണ്

ജോലിക്കാരൻ സൂപ്പർവൈസറോട് ചോദിച്ചു

എങ്ങോട്ടാ സാറെ അടുത്തത് ..ഏതാ പടം ?

ചുണ്ടിലിരുന്നു  പുകയുന്ന സിഗരറ്റ് എടുത്ത് മാറ്റാതെ അയാൾ കയ്യിലിരുന്ന ഡയറി മറിച്ച് ആദ്യത്തെ പേജ് കാണിച്ചു കൊടുത്തു

പുതിയ സിനിമ... പേര് കരിമ്പന

ലൊക്കേഷൻ പാറശ്ശാലയും പരിസര പ്രദേശങ്ങളും


 ©Jollys Channel