അദ്ധ്യായം 2
പാറശ്ശാലയിലും പരിസര പ്രദേശങ്ങളിലുമൊക്കെ ഷൂട്ടിങ്ങിന്റെ വാർത്ത കാട്ടുതീ പോലെ പടർന്നു . ആർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല .. ജയൻ നമ്മുടെ നാട്ടിൽ വരുകയോ ...കള്ളു ഷാപ്പിലും ചന്തയിലും ഓലക്കൊട്ടകയിലും പെണ്ണുങ്ങളുടെ കുളിക്കടവിലുമൊക്കെ ഇത് ചർച്ചാവിഷയമായി ...
ലക്ഷ്മിയോട് വേലൻ പറഞ്ഞെങ്കിലും അന്തിക്കള്ളടിച്ചു ആരോ അടിച്ചിറക്കിയ ഗുണ്ടാണെന്ന് അവൾ കരുതി .. പക്ഷെ കാര്യത്തിൻെറ സത്യാവസ്ഥ മനസിലായത് സുമതി പറഞ്ഞപ്പോഴാണ് .. അവളുടെ അച്ഛന് കൊട്ടകയിൽ ടിക്കറ്റ് കീറുന്ന ജോലിയാണ് ..
വീടിനു മുൻപിലെ തോട്ടിൽ ... തുണി കഴുകി തീരിച്ചു വരുമ്പോഴാണ് സുമതി ഓടിക്കിതച്ചു വരുന്നത് .
ലക്ഷ്മി നീ അറിഞ്ഞോ അവൾ ബാക്കി പറയാനാകാതെ കിതയ്ക്കുകയാണ് .. ലക്ഷ്മി പേടിച്ചു പോയി ഇവൾക്കെന്തു പറ്റി ..
നീ കാര്യം പറ പെണ്ണെ പേടിപ്പിക്കാതെ .. അവൾ ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു
എടീ ജയേട്ടൻ നമ്മുടെ നാട്ടിൽ വരുന്നെന്ന് ഷൂട്ടിങ്ങിന്. അച്ഛൻ പറഞ്ഞുകേട്ടതാ സത്യമാണോ..എന്ന് എനിക്കറിയില്ല.
അച്ഛനോട് ടാക്കീസിലെ മുതലാളി പറഞ്ഞതാ അടുത്തമാസം മുതൽ ഷൂട്ടിംഗ് ആണ് ഇവിടെ. മദ്രാസിൽ നിന്ന് സിനിമക്കാരൊക്കെ മുതലാളിയെ വിളിച്ചു കാര്യങ്ങളൊക്കെ പറഞ്ഞെന്ന്
ലക്ഷ്മി വിശ്വസിക്കാനാകാതെ സുമതിയുടെ കൈപിടിച്ച് തോട്ടിൻ കരയിലെ പാറമേൽ ഇരുന്നു..അരുവിയിലെ കുഞ്ഞോളങ്ങൾ അവരുടെ പാദങ്ങളെ തട്ടി തലോടി കടന്നു പോയി.സുമതി പറഞ്ഞ ഷൂട്ടിംങ്ങ് വിശേഷങ്ങൾ ഒക്കെ കേട്ട് അവൾ കോരിത്തരിച്ചു.
ജയേട്ടൻ വരുമെന്നു പറയുന്നത് സത്യമോ.. അവൾ ഒരു നിമിഷം തന്റെ ഗ്രാമത്തിലൂടെ ജയേട്ടൻ നടന്നു വരുന്നത് മനസിലാലോചിച്ചു... ലക്ഷ്മിയുടെ മുഖം ചുവന്നു തുടുത്തു ..മനസ്സിന്റെ അകത്തളങ്ങളിൽ താളമേളങ്ങൾ... സന്തോഷത്തിന്റെ ആറാട്ട്..
സുമതി കൈക്കുമ്പിളിൽ വെള്ളമെടുത്ത് അവളുടെ മുഖത്തേക്ക് തെറിപ്പിച്ചു..
ഹോ എവിടെയാ പെണ്ണെ.. നിന്റെ ജയേട്ടൻ വരുന്നെന്നു കേട്ടപ്പോൾ അവളുടെ ഇരിപ്പു കണ്ടില്ലേ..
ലക്ഷ്മി നാണത്തോടെ അവളെ പാളി നോക്കി... സുമതിയോർത്തു എന്തൊരു സൗന്ദര്യമാ ഇവൾക്ക്..കെട്ടിപ്പിടിച്ചു ഓര്മ്മ കൊടുക്കാൻ തോന്നും ..
സുമതി ഒന്നും പിന്നത്തേക്കു ബാക്കി വെക്കത്തില്ല .. അവൾ ലക്ഷ്മിയുടെ തുടുത്ത കവിളിൽ ഒരു ഉമ്മ കൊടുത്തു ..
ശ്ശേ എന്തുവാ പെണ്ണാ നിനക്കു പ്രാന്ത് പിടിച്ചോ ..
എടീ എനിക്ക് തന്നെ നിന്നെ കണ്ടിട്ട് ഉമ്മ വെക്കാൻ തോന്നുമ്പോൾ ആണുങ്ങളുടെ കാര്യം പറയണോ
നീ ഒരു കാര്യം ചെയ്യ്... സിനിമക്കാര് വരുമ്പോൾ നിന്നേം കൂടി അഭിനയിപ്പിക്കാൻ പറ അപ്പോൾ നിനക്ക് ജയേട്ടനെ എന്നും കാണാമല്ലോ.. സുമതി കളിയാക്കി..
ഒന്നു പോടീ... എനിക്ക് ഒന്നും വേണ്ട ജയേട്ടനെ നേരിട്ടൊന്നു കണ്ടാൽ മാത്രം മതി.. ആൾക്കൂട്ടത്തിൽ എനിക്കതിനു സാധിക്കുമോ എന്തോ?
അതൊക്കെ നടക്കും ഞാൻ അച്ഛനോട് പറഞ്ഞ് എല്ലാം ശരിയാക്കാം സുമതി അവളെ സമാധാനിപ്പിച്ചു..
പിന്നീട് അവർ കണ്ടുമുട്ടുമ്പോഴെല്ലാം വരാൻ പോകുന്ന ഷൂട്ടിംങ്ങ് ദിവസങ്ങളെക്കുറിച്ചു മാത്രമായിരുന്നു ചർച്ച. സുമതി പുതിയ വിവരങ്ങൾ നൽകുമ്പോൾ ലക്ഷ്മി അതാലോചിച്ചു സ്വപ്നം കാണുന്നത് പതിവായി. .തോട്ടുവക്കത്തെ കൈതക്കൂട്ടങ്ങളും രാജമല്ലിയും അവർക്കു വേണ്ടി കാത്തു നിന്നു.
ഭിത്തിയിലൊട്ടിച്ചിരിക്കുന്ന ഫോട്ടോയിലേക്ക് നോക്കുമ്പോൾ ലക്ഷ്മിക്ക് ഇപ്പോൾ പണ്ടത്തെപോലെയല്ല... ഒരിക്കലും നേരിട്ട് കാണാൻ പറ്റുമെന്ന് കരുതിയിട്ടില്ലാത്ത ഇഷ്ട നായകൻ വരാൻ പോവുകയാണ്.. അവളുടെ മുറിയിൽ ജയേട്ടന്റെ സാമിപ്യം ഉള്ളത് പോലെ....കരിമ്പനകൾ മയങ്ങി നിന്ന അന്ത്യ യാമങ്ങളിൽ പോലും അവൾ ഉറക്കം വരാതെ കിടന്നു..
മദ്രാസിൽ നിന്ന് രണ്ടുപേർ വന്നു. തിയേറ്റർ മുതലാളിയേയും കൂട്ടി അവരുടെ അമ്പാസിഡർ കാർ ഗ്രാമങ്ങളിലൂടെ പറന്നു നടന്നു.. ചന്തയും കള്ള് ഷാപ്പും ബംഗ്ലാവും ആറും തോടും കൈതക്കാടും വാഴത്തോപ്പും കരിമ്പനകളുമൊക്കെ അവരുടെ ക്യാമറ ഒപ്പിയെടുത്തു...
ആ കൂട്ടത്തിൽ ലക്ഷ്മിയുടെ വീടിന്റെ പുറകിലുള്ള കരിമ്പനകളും ഉണ്ടായിരുന്നു ആകാശം മുട്ടെ ഉയരത്തിൽ നിൽക്കുന്ന പനകൾക്ക് ചുറ്റും നിന്ന് അവർ ഒരു പാട് ഫോട്ടോകൾ എടുത്തു.. നാട്ടുകാർ ഒന്നും മനസിലാകാതെ മിഴിച്ചു നിന്നു.. എന്ത് സിനിമയായിരിക്കും എന്ന് അവർക്കൊരു ഊഹവും കിട്ടിയില്ല..
ലക്ഷ്മി ജനാലയിൽ കൂടി ഇത് കാണുന്നുണ്ടായിരുന്നു...
അമ്മേ ഇതെന്തു സിനിമയായിരിക്കും.
പനയുടെ ഫോട്ടോ എടുക്കുന്നത് കണ്ടില്ലേ?
വല്ല കള്ളുകടിയന്റേതുമായിരിക്കും.. കള്ള് മോഷ്ട്ടിക്കാൻ കയറി താഴെ വീണു മരിക്കുന്നതാണ് കഥ..
ആ നല്ല കഥ.. പോ അമ്മെ ..സിനിമക്കാർക്കിങ്ങനത്തെ കഥയൊന്നുമല്ല വേണ്ടത്.. തന്നെയുമല്ല ജയേട്ടനാ നായകൻ..
താഴെ തോട്ടിൻ കരയിൽ ആളുകളുടെ ബഹളം... ഫോട്ടോ എടുപ്പുകാർ അവിടെയെത്തിയിരിക്കുന്നു... വളഞ്ഞൊഴുകുന്ന കൈത്തോടിന്റെ മുക്കും മൂലയും അവർ ഒപ്പിയെടുത്തു... കൈതക്കാടിന്റെ ഉള്ളിൽ നിന്നും രാജമല്ലിയുടെ മുകളിൽ ഏണി വെച്ചു കയറിയും അവർ ഫോട്ടോകൾ പകർത്തി...ലക്ഷ്മി. ഓർത്തു ഇപ്പോൾ കാണാൻ എന്ത് ഭംഗിയാ എല്ലായിടവും . അവളുടെ മനസ്സും കാഴ്ചകളുമെല്ലാം ഇപ്പോൾ ഒരു ക്യാമറ കണ്ണു പോലെയാണ്... ഇതുവരെ കാണാത്ത മനോഹാരിത ഇപ്പോൾ അവൾ ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു.
ദൈവമേ ഫോട്ടോ എടുപ്പ് കണ്ടാൽ മിക്കവാറും ഷൂട്ടിംങ്ങ് ഇവിടത്തന്നെ ഉറപ്പിക്കുന്ന ലക്ഷണമാ... ഒറ്റ സിനിമ വിടാത്ത നാനയും സിനിരമയുമൊക്കെ അരച്ചു കലക്കി കുടിക്കുന്ന സോമണ്ണൻ തട്ടിവിട്ടു... നാട്ടുകാർ സോമണ്ണനെ പ്രോത്സാഹിപ്പിച്ചു..
ലൊക്കേഷൻ ഇഷ്ടപെട്ടില്ലാരുന്നേൽ അവരുടൻ സ്ഥലം വിട്ടേനെ... ഇതെന്തോ ഇഷ്ടം കേറീട്ടോണ്ട്..
എല്ലാവരും അവന്റെ നാവ് പൊന്നാകട്ടെ എന്ന് പ്രാത്ഥിച്ചു... ലക്ഷ്മി സോമണ്ണനോട് ചോദിച്ചു എന്നായിരിക്കും ഷൂട്ടിംഗ് തുടങ്ങുക
അടുത്ത മാസമാണെന്നാ കേട്ടത്...
അതെ സമയം അങ്ങ് ദൂരെ മദ്രാസിൽ പാറശ്ശാലയിൽ ആരംഭിക്കാൻ പോകുന്ന പുതിയ ചിത്രത്തിന്റെ തയാറെടുപ്പ്കൾ പുരോഗമിക്കുകയാണ്..പ്രൊഡക്ഷൻ കൺട്രോളാർക്ക് നിർദേശം ലഭിച്ചു..
അടുത്തമാസം 10 ന് ഷൂട്ടിംങ്ങ് തുടങ്ങും..എല്ലാവരുടെയും കാൾ ഷീറ്റ് നോക്കി തീയതി ഉറപ്പിക്കണം....
ശരി സാർ...
ആദ്യത്തെ കാൾ മദ്രാസിലെ പാമ്ഗ്രൂവ് ഹോട്ടിലിലേക്കു കണക്റ്റ് ചെയ്യപ്പെട്ടു..
ഗുഡ് മോർണിംഗ് പാംഗ്രൂവ് ഹോട്ടൽ..
ഗുഡ് മോർണിംഗ് ഐ ആം പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രഘുറാം... ക്യാൻ ഐ സ്പീക്ക് ടു മിസ്റ്റർ ജയൻ സാർ
വൺ സെക്കന്റ് ....കണക്ടിങ് സർ ...
കാതുകളിൽ ഒരു ഇംഗ്ളീഷ് ഗാനത്തിന്റെ ഈരടികൾ.. പക്ഷെ രഘുറാമിനത് ശ്രദ്ധിക്കനായില്ല... അപ്പുറത്ത് വരാൻ പോകുന്നത് ചില്ലറക്കാരനല്ല മലയാളത്തിന്റെ അപ് കമിങ് സൂപ്പർസ്റ്റാറാണ്...
ഇടിമുഴക്കം പോലെ മറുതലക്കൽ ഒരു ശബ്ദം..
ഗുഡ് മോർണിംഗ് ഇറ്റ്സ് ജയൻ ഹിയർ..
മുൻപ് സംസാരിച്ചിട്ടുണ്ടെങ്കിലും വീണ്ടും ആ സ്വരം കേൾക്കുമ്പോൾ ഒരു കോരിതരിപ്പാണ്
സാർ ഞാൻ രഘുറാമാണ് കരിമ്പനയുടെ ഷൂട്ടിംങ്ങ് ഡേറ്റ് ഉം ഡീറ്റെയിൽസ് ഒക്കെ പറയാൻ വിളിച്ചതായിരുന്നു ..
ഘന ഗംഭീര ശബ്ദത്തിൽ സൗമ്യതയും സ്നേഹവും ചാലിച്ചെടുത്ത മറുപടി
ഹേ രഘുറാം ഹൌ ആർ യു ... സോറി ഞാൻ ഷൂട്ടിംങ്ങ് സെറ്റിലേക്കു പോകാൻ തുടങ്ങുകയാണ് ...ഡൂ വൺ തിങ് കം ടൂമോറോ അറ്റ് 9..വീ വിൽ ഹാവ് ബ്രേക്ഫാസ്റ് ടുഗെതർ
ഓക്കേ സർ ….താങ്ക് യൂ സർ ...
ബൈ ... ഫോൺ ഡിസ്കണക്ട് ആയിട്ടും രഘുറാം അങ്ങിനെ തന്നെ. നിന്നു..ആ ശബ്ദം ഇപ്പോഴും തലക്കു ചുറ്റും മുഴങ്ങുന്നതുപോലെ . തന്നെ ബ്രേക്ക് ഫാസ്റ്റിന് ക്ഷണിച്ചിരിക്കുന്നു..തന്റെ പ്രിയപ്പെട്ട ജയൻ സാർ..
പിറ്റേന്ന് എട്ടര മണിക്ക് തന്നെ പിറ്റേന്ന് രഘുറാം ഹോട്ടൽ പാം ഗ്രോവിലെത്തി . റിസപ്ഷനിലേക്കു നടക്കുമ്പോൾ തന്നെ ശ്രദ്ധിച്ചു ... ഒരു വെളുത്ത ഫിയറ്റ് കാർ ഹോട്ടലിന്റെ മുന്നിൽ തന്നെ പാർക്ക് ചെയ്തിരിക്കുന്നു. പള പള തിളങ്ങുന്ന കാറിന്റെ നമ്പർ വായിച്ചു.. KRE 134 . ഡ്രൈവർ സുരേന്ദ്രൻ തൂത്തും തുടച്ചും അടുത്ത് തന്നെയുണ്ട് .. ജയൻ സാർ പുറത്തിറങ്ങുമ്പോൾ പെട്ടെന്ന് എത്താൻ തക്കവണ്ണമാണ് വണ്ടിയിട്ടിരിക്കുന്നത്. ജയൻ സാറിനെ പോലെ തന്നെ നല്ല സ്റ്റൈലൻ കാർ ..
വിശാലമായ ലോബ്ബിയിൽ ലിഫ്റ്റിനഭിമുഖമായി രഘുറാം കാത്തിരുന്നു .. 8 .55 അകാരണമായി ഹൃദയമിടിപ്പ് കൂടുന്നു .. ജയൻ സാർ വളരെ കൃത്യ നിഷ്ഠയുള്ള ആളാണെന്നു കേട്ടിട്ടുണ്ട് .. ലോബിയിലെ ക്ലോക്ക് ശബ്ദിച്ചു
9 മണി .. ലിഫ്റ്റ് താഴേക്ക് വരുന്നു ഇപ്പോൾ ജയൻ സർ എത്തും. രഘുറാം തയ്യാറായി ഇരുന്നു. കാണുമ്പോൾ ഹസ്തദാനം കൊടുക്കണോ നമസ്തേ പറയണോ എന്നൊക്കെ ആലോചിച്ചു വിയർത്തു ..
ലിഫ്റ്റ് ഓപ്പൺ ആയി കുറച്ചു വിദേശികളും സ്വദേശികളും...ജയൻ സാർ മാത്രം ഇല്ല ..
ജയൻ സാർ എവിടെ പോയി. ഇനി തനിക്ക് മുൻപേ റെസ്റ്റോറന്റിൽ വന്നിരിപ്പായോ. അവിടെ പോയി നോക്കാം എന്ന് കരുതി രഘുറാം തിരക്കിട്ടു നടന്നു .. പെട്ടെന്ന് ലോബിയുടെ വശത്തെ വളഞ്ഞു മുകളിലെ ഫ്ലോറുകളിലേക്കു പോകുന്ന വഴിയുടെ സ്ലൈഡിങ് ഡോർ തുറന്നു.
ലോബിയിലുണ്ടായിരുന്നവർ കാത്തിരുന്നപോലെ എഴുന്നേറ്റു. എല്ലാവരും കൈ വീശുന്നു .. ക്യാമറക്കാണുകളുടെ മിന്നലാട്ടം ..റെസ്റ്റാറന്റിലേക്ക് പാതിവഴിയിലെത്തിയ രഘുറാമിന് ഒന്നും വ്യക്തമായി കാണാൻ കഴിഞ്ഞില്ല.
കുറച്ചു കൂടി അടുത്തേക്ക് നീങ്ങിയപ്പോൾ കണ്ടു സന്ദരനായ ഒരു മനുഷ്യൻ തനിക്കു നേരെ നടന്നു വരുന്നു , പാന്റ്സും കോട്ടും ടൈയുമൊക്കെ ധരിച്ചു ഒരു പുഞ്ചിരിയുമായി അദ്ദേഹം നടന്നു വരുന്നത് ഹോട്ടൽ ജീവനക്കാരും അതിഥികളും കണ്ണുചിമ്മാതെ നോക്കി നിൽക്കുകയാണ് . മലയാള സിനിമയുടെ എല്ലാമെല്ലാമായ ജയൻ സാർ
കേരളത്തിലേ സിനിമ സ്ക്രീനുകളിൽ നിറഞ്ഞാടുന്ന അപ്കമിങ് സൂപ്പർ സ്റ്റാർ.
ശരപഞ്ജരം എന്ന ഒറ്റചിത്രത്തിലൂടെ വില്ലനും ആരാധകനുണ്ടാകും എന്ന് തെളിയിച്ച അത്ഭുത പ്രതിഭാസം
തന്റെ ആരാധന പാത്രം എന്റെ ജയേട്ടൻ
ഈ മനുഷ്യനെ സ്ക്രീനിൽ കണ്ട് എത്ര തവണകയ്യടിച്ചിരിക്കുന്നു തുള്ളിച്ചാടിയിരിക്കുന്നു
പല്ലു ഞെരിച് മീശ പിരിച്ചിരിക്കുന്നു അതെ ജയൻ സാറുമായി വീണ്ടുമൊരു കണ്ടുമുട്ടൽ
പരിഭ്രമിച്ചു നിൽക്കുന്ന രഘുറാമിന്റെ നേരെ കൈ നീട്ടി ജയൻ മനോഹരമായിചിരിച്ചു. ആ കൈകള്കുള്ളിൽ നിന്നും തന്റെ ശരീരത്തിലേക് ഒരു ഊർജം അരിച്ചുകയറി. ആ ചിരിയുടെ പ്രഭയിൽ ...ജയൻസറിന്റെ സാന്നിധ്യത്തിൽ... പ്ലം ഗ്രോവ് ഹോട്ടലിന്റെ ലോബ്ബി പൂത്തുലഞ്ഞുതുപോലെ രഘുറാമിന് തോന്നി .
ജയൻ ഗുഡ് മോർണിംഗ് പറഞ്ഞു രഘുറാമും തിരിച്ചു വിഷ് ചെയ്തെങ്കിലും ശബദം പുറത്തു വരാതെ തൊണ്ടക്കുഴിയിൽ തന്നെ അവസാനിച്ചു
ലെറ്റ് അസ് ഗോ ഫോർ ബ്രേക്ഫാസ്റ് .. ജയൻ രഘുറാമിനെ ക്ഷണിച്ചു
നടപ്പിലും, എടുപ്പിലും ഇങ്ങിനെ ഒരു ഒരു മനുഷ്യനെ കണ്ടിട്ടില്ല ..എന്തൊരു ഗാംഭീര്യം എന്തൊരു സൗന്ദര്യം
ഒരു യോദ്ധാവിനെ അനുഗമിക്കുന്ന പടയാളിയെ പോലെ രഘുറാം ജയന് പുറകെ നടന്നു
©Jollys Channel
