സിൽക്ക് സ്മിതയുടെ ജീവിതത്തിലെ അറിയാകഥകൾ | Life Story Of Silk Smitha | NostalgicStories

സിൽക്ക് സ്മിതയുടെ ജീവിതത്തിലെ അറിയാകഥകൾ | Life Story Of Silk Smitha

1960 ഡിസംബർ രണ്ടിനാണ് സിൽക്ക് സ്മിത എന്ന് ചലച്ചിത്രലോകം പേരിട്ടുവിളിച്ച വിജയലക്ഷ്മി ആന്ധ്രാ പ്രദേശിൽ ജനിച്ചത്.ദാരിദ്ര്യത്തിലും കഷ്ട്പ്പാടിലും പിടിച്ചിട്ടു നിൽക്കാൻ പാടുപെടുന്ന ഒരു കുടുംബം. അതുകൊണ്ടുതന്നെ വിജയലക്ഷ്മിയുടെ വിദ്യാഭ്യാസം നാലാം ക്ളാസിൽ അവസാനിച്ചു. ദുരിത കടലിൽ അവൾ ഒരു കൂട്ടിക്കു വേണ്ട സ്നേഹവും പരിലാണനയും ഇല്ലാതെ വളർന്നു.


അവൾ സുന്ദരിയായിരുന്നു.നാട്ടിപുറത്തെ ചെറുപ്പക്കാർ അവളുടെ മനോഹരമായ കണ്ണുകൾ കൊണ്ടൊരു നോട്ടം കിട്ടാൻ കാത്തു നിന്നു, അസ്വസ്ഥരായ വിജയലക്ഷ്മിയുടെ വീട്ടുകാർ പതിനേഴാം വയസ്സിൽ തന്നെ അവളുടെ ഇഷ്ടം നോക്കാതെ ഒരു കാളവണ്ടിക്കാരനെ കൊണ്ട് വിവാഹം കഴിപ്പിച്ചു ശല്യം ഒഴിവാക്കി. ചെറുപ്രായത്തിൽ തന്നെ തന്റെ സ്വപനങ്ങൾക്ക് തിരശീലയിട്ടു ഭർതൃഗൃഹത്തിൽ പ്രവേശിച്ച വിജയല്ക്ഷമിക്കു ഭർത്താവിൽ നിന്നും അമ്മായിഅമ്മയിൽ നിന്നും ലഭിച്ചത് അസഭ്യ വർഷങ്ങളും ശകാരങ്ങളും, ആയിരുന്നു. എല്ലാം അസഹ്യമായപ്പോൾ എന്നും തലയുയർത്തി നിൽക്കാൻ ശ്രമിച്ചിട്ടുള്ള വിജയലക്ഷ്മി തന്റെ ഉപജീവനത്തിന് വഴികൾകൾ തേടി ഒരു രാത്രി ആ ദുരിതക്കയത്തിൽ നിന്ന് ഓടിപോയി.


മദ്രാസിൽ 1979ൽ വണ്ടിച്ചക്രം എന്ന സിനിമയിലേക്ക് ചാരായഷാപ്പിൽ ജോലിചെയ്യുന്ന ഒരു പെൺകുട്ടിയുടെ വേഷത്തിനു പറ്റിയ ആളെ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. മേലേപറമ്പിൽ ആൺവീട് എന്ന ചിത്രത്തിൽ ഗൗണ്ടർ ആയി അഭിനയിച്ച വിനു ചക്രവർത്തി ആയിരുന്നു ഈ ചിത്രത്തിന് കഥ എഴുതിയത്. ചാരായത്തിന്റെ ലഹരി അവളുടെ കണ്ണുകളിൽ ഉണ്ടാവണം എന്നാണ് ആ കഥാപാത്രത്തിനെ കുറിച്ച് വിനു എഴുതിയത് . അന്വേഷണം നീണ്ടു. ഒരിക്കൽ AVM സ്റ്റുഡിയോയ്ക്കടുത്തുള്ള ഒരു ഫ്ളവർ മില്ലിൽ വിനു അടുത്ത വീട്ടിൽ ജോലിയ്ക്ക് നിന്നിരുന്ന അരി അരക്കാൻ പെൺകുട്ടിയെ ശ്രദ്ധിച്ചു. ആകര്ഷണമുള്ള കണ്ണുകൾ വന്യമായ ചിരി. സ്ക്രീൻ ടെസ്റ്റിൽ വിജയലക്ഷ്മി തെരഞ്ഞെടുക്കപ്പെട്ടു അങ്ങിനെ വിജയലക്ഷ്മി സില്ക്ക് എന്നകഥാപാത്രം ചെയ്തു. പടം സൂപർ ഹിറ്റ് ആയി.


വിനു ചക്രവർത്തി ഒരു രക്ഷിതാവിനെ പോലെ അവളെ സംരക്ഷിച്ചു. വിനുവിന്റെ ഭാര്യ വിജയലഷ്മിയെ ഇംഗ്ലീഷ് സംസാരിക്കാനും ഡാൻസ് ചെയ്യാനും പഠിപ്പിച്ചു. വിനു അവൾക്കു ഒരു പേര് നൽകി സ്മിത. അടുത്ത ചിത്രം സിൽക്ക് സിൽക്ക് സിൽക്ക് പുറത്തു വന്നതോടെ അവൾ സിൽക്ക് സ്മിത എന്ന് അറിയപ്പെട്ടു തുടങ്ങി. രജനികാന്ത് കമലഹാസൻ ചിത്രങ്ങളിലൂടെ സിൽക്ക് സ്മിത ഏറ്റവും തിരക്കുള്ള നടിയായി . ഒരു ചിത്രവും സ്മിതയുടെ സാന്നിധ്യം ഇല്ലാതെ പുറത്തിറങ്ങില്ല എന്ന അവസ്ഥയായി. നാണംകുണുങ്ങിയായിരുന്ന സ്മിത പിന്നീട് ഒരേ സമയം നാലു ഭാഷകളിലെ വെള്ളിത്തിരകളെ തീ പിടിപ്പിച്ചു. പുരുഷ സമൂഹത്തിന്റെ ഹരമായി അവതരിപ്പിക്കപ്പെട്ട സിൽക്ക് സ്മിതയുടെ മേനിയഴക് പകർത്താനായി ക്യാമറക്കണ്ണുകൾ കാത്ത് നിന്നു. ഒരിക്കൽ പോലും സ്മിതയുടെ അഭിനയ സാധ്യത പുറത്തെടുക്കാൻ പറ്റുന്ന കഥാപാത്രങ്ങൾ അവൾക്കു നൽകിയില്ല . അവൾ ഒരു പ്രോപ്പർട്ടി മാത്രമായിരുന്നു. പൊട്ടിപ്പൊളിഞ്ഞു പെട്ടിയിലായി പല പടങ്ങളും പിന്നീട് സിൽക്ക് സ്മിതയുടെ പാട്ടുകളും ഗ്ലാമറസ് രംഗങ്ങളും ചേർത്ത് വീണ്ടും റിലീസ് ചെയ്തു ലക്ഷ ങ്ങൾ സമ്പാദിച്ചു.


എത്ര നല്ല സിനിമയാണെങ്കിലും സ്മിതയുടെ രംഗങ്ങൾക്കു വേണ്ടി മാത്രം ജനം ഇരമ്പിക്കയറി അത് കഴിയുമ്പോൾ ഇറങ്ങി പോയി. പണക്കൊതിമൂത്ത സിനിമാക്കാരുടെ ആവശ്യങ്ങൾക്ക് അനുസരിച്ചു സ്മിത ആടി തകർത്തപ്പോൾ അവളും കപട സദാചാരത്തിന്റെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. തിക്തമായ ജീവിതാനുഭവങ്ങൾ കൊണ്ട് വീർപ്പു മുട്ടിയ പഴയ വിജയ ലക്ഷ്മി സിൽക്ക് സ്മിതയായി തെന്നിന്ത്യ മുഴുവൻ അമ്മാനമാടി. പോസ്റ്ററുകളിൽ സിൽക്ക് സ്മിതയുടെ ചിത്രങ്ങൾ നിറഞ്ഞുനിന്നപ്പോൾ സുപ്പർസ്റ്റാറുകളടക്കം പുറകിലായി. സ്ത്രീജനങ്ങളെ ലക്ഷ്യമാക്കി പകൽമാന്യമാരായ എഴുത്തുകാർ പത്രങ്ങളിലും മാഗസിനുകളിലും അവൾ അപമാനം എന്ന് എഴുതി വിട്ടു.പിന്നെ രാത്രി പ്രദര്ശനങ്ങളിൽ ഒളിച്ചും പാത്തും കയറി സിൽക്ക് സ്മിതയെ കണ്ടു പുളകം കൊണ്ടു.


തന്റെ ശരീരത്തിൽ മാത്രം ആകൃഷ്ടരായ ആരാധകവൃന്ദമാണ് തനിക്കുചുറ്റും എന്ന് അവൾക്കറിയാമായിരിരുന്നു ഒരിക്കൽ അവർത്തനവിരസത വരുമ്പോൾ തന്നെ അവർ വെറുക്കുമെന്നും അവൾ മനസ്സലാക്കിയിട്ടുണ്ടാവണം. ആ കാലഘട്ടത്തിൽ പറഞ്ഞുറപ്പിച്ച ഷൂട്ടിംഗ് സമയത്തേക്കാൾ കൂടിയാൽ ഓരോ മണിക്കൂറിനും സിൽക്ക് സ്മിതയുടെ ചെലവ് പതിനായിരം രൂപയായിരുന്നു. അവളുടെ ഓരോ മിനിറ്റിനും എന്തും ചിലവാക്കാൻ നിർമാതാക്കൾ കാത്തു നിന്നു. മദ്രാസിൽ അവൾ കടിച്ച ആപ്പിൾ കഷണം ഒരു ലക്ഷം രൂപയ്ക്കു ലേലം ചെയ്തു പോയതു സിൽക്ക് സ്മിതയുടെ മേനിയഴകിന്റെ ആരാധകരുടെ ഭ്രാന്ത് വെളിവാക്കുന്നു. പക്ഷെ അപ്പോഴും സ്മിതക്ക് ഉറങ്ങണമെങ്കിൽ അവൾക്കു മദ്യത്തിനെ ആശ്രയിക്കേണ്ടി വന്നിരുന്നു.


അഥർവത്തിൽ മമ്മൂട്ടിയോടൊപ്പം അഭനയിക്കാൻ വന്നപ്പോൾ കുറച്ചു മണിക്കൂർ കൂടുതൽ എടുത്തെങ്കിലും നിശ്ച്ചയിച്ച തുക മാത്രമേ കൈപറ്റിയുള്ളൂ. വളരെയധികം സ്നേഹംവും നല്ല പെരുമാറ്റവുംകൊണ്ട് അവൾ എല്ലാവരുടെയും പ്രിയങ്കരിയായി തീർന്നത് നിര്മ്മാതാവ് ഈരാളി ഓർത്തെടുക്കുന്നു. സ്മിത മറക്കാതെ ഈരാളിയുടെ വിവാഹത്തിന് പങ്കെടുക്കുവാൻ തലേന്ന് ഫ്ലൈറ്റിൽ കൊച്ചിയിലെത്തി പിറ്റേന്ന് പള്ളിയിലെത്തി. സ്മിത പള്ളിയിൽ ജനങ്ങൾക്കു അഭിമുഖമായി നിന്ന് വിവാഹം കണ്ടതും എല്ലാവരുടെയും ശ്രദ്ധ പിന്നെ അവളിലേക്ക് തിരിഞ്ഞതും അദ്ദേഹം ഓർത്തെടുക്കുന്നു.മോഹൻലാലിൽനോടൊപ്പം സ്പടികത്തിലും അഭിനയിച്ചു. ആടുതോമയോടൊപ്പം വിലങ്ങണിയിച്ചു ചങ്ങനാശ്ശേരി മാർക്കറ്റിൽകൂടി നടത്തികൊണ്ടുപോയ രംഗങ്ങൾ മലയാളികൾ മറക്കില്ല. ഏഴിമലപൂഞ്ചോലയും പുഴയോരത്തിൽ എന്ന ഗാനങ്ങളും സിൽക്ക് സ്മിതയുടെ ഓർമകൾ നില്ൽനിർത്തുന്ന നല്ല പാട്ടുങ്ങളാണ്.


സിനിമ ഒരു കൺകെട്ട് പോലെയാണ് കാലം മാറിപോയപ്പോൾ ജനങ്ങൾക്ക് മസാല പടങ്ങളോട് വിരക്തി തോന്നിത്തുടങ്ങി. അകന്നുപോയ മസാല കാഴ്ചക്കാരെ തിരിച്ചു വരുത്താൻ പ്രൊഡ്യൂസർമാർ പുതിയ ശരീരങ്ങൾ തേടി തലങ്ങും വിലങ്ങും പാഞ്ഞു. ഇതൊക്കെ സ്മിതയെയും ബാധിച്ചു. തന്റെ ശരീരം കണ്ടു കോരിത്തരിച്ചവർ പുതിയ കാഴ്ചകൾ തേടി പോകുന്നത് അവൾ മനസിലക്കി. സിൽക്ക് സ്മിതക്ക് അവസരങ്ങൾ കുറഞ്ഞു. 


കയ്യിലുണ്ടായിരുന്ന സമ്പാദ്യം കൊണ്ട് 2 ചിത്രങ്ങൾ നിർമിച്ചു പരാജയപ്പെട്ടു. തിരിച്ചു കയറാൻ ആരംഭിച്ച മൂന്നാമത്തെ ചിത്രം സിൽക്ക് സ്മിതയെ 20 കോടിയോളം രൂപയുടെ കടക്കാരിയാക്കി. ഒരിക്കൽ വെള്ളിത്തിരക്കുമുന്നിൽ ജനലക്ഷങ്ങളെ പുളകിതരാക്കിയ തന്റെ ശരീരം പോലും സ്മിത വെറുത്തു. കഴിഞ്ഞകാല ദുരിത ജീവിതത്തിലേക്കും കഷ്ട പ്പാടിലേക്കും തിരിച്ചുപോകേണ്ടി വരുമോ എന്ന് സ്മിത ഭയപ്പെട്ടിരിക്കണം . സ്മിതയുടെ മനോസംഘർഷങ്ങൾ അധികമാരും മനസിലാക്കിയില്ല.


മദ്യം അവളുടെ കൂട്ടുകാരിയായി. 1996 സെപ്റ്റംബർ 22 നു ഉറ്റ കൂട്ടുകാരി അനുരാധയെ ഫോണിൽ വിളിച്ചു അല്പം സംസാരിക്കാനുണ്ടെന്നു പറഞ്ഞു. സ്മിത അവളുടെ മനസ്സ് തുറക്കാൻ ആഗ്രഹിച്ചിരുന്നിരിക്കണം. പക്ഷെ പിറ്റേന് കാലത്തു എത്താമെന്ന് അറിയിച്ച അനുരാധ പിന്നെ കേട്ടത് ആ ഞെട്ടിപ്പിക്കുന്ന വാര്ത്തയായിരുന്നു. സിൽക്ക് സ്മിത അവളുടെ അപ്പാർട്മെന്റിൽ ഒരു പട്ടു സാരിയിൽ തൂങ്ങി ഈ കപട ലോകത്തിൽ നിന്നും എന്നെന്നേക്കുമായി യാത്രയായിരിക്കുന്നു


സിൽക്ക് സ്മിതയുടെ അപ്രതീഷിത മരണം ഞെട്ടലോടെയാണ് ജനലക്ഷങ്ങൾ ശ്രവിച്ചത്. ആരുടേയും കണ്ണ് നിറഞ്ഞിരിക്കാൻ സാധ്യതയില്ല . കാരണം അവർക്കു സിൽക്ക് സ്മിത സ്വന്തമായി വികാരങ്ങളില്ലാത്ത ശരീരം പ്രദർശിപ്പിക്കാൻ വേണ്ടി മാത്രം ഭൂമിയിൽ ജനിച്ചു വീണ തെരുവികളിലയുന്ന മറ്റനേകം നടിമാരിൽ ഒന്ന് മാത്രം. സിൽക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കിയിറങ്ങിയ dirty picture എന്ന സിനിമ ഒരു പരിധി വരെ അവളുടെ ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങൾ വരച്ചു കാട്ടിയിട്ടുണ്ട്.


സിനിമയിലേക്ക് കൈപിടിച്ച് കയറ്റിയ വിനു ചക്രവർത്തിയെകുറിച്ചും സ്മിതയെയും ബന്ധിപ്പിച്ചും വാർത്തകൾ വന്നിട്ടുണ്ട്. ഒരിക്കൽ സിങ്കപ്പൂർ എയർപോട്ടിൽ വെച്ച് അദ്ദേഹത്തോട് ഒരു റിപ്പോർട്ടർ ചോദിച്ച ചോദ്യം ഇങ്ങിനെയായിരുന്നു. താങ്കളും സിൽക്ക് സ്മിതയും ഒരു റൂമിൽ ഒറ്റക്കാണെങ്കിൽ എന്ത് സംഭവിക്കും? അതിനു അദ്ദേഹം മറുപടി കൊടുത്തു. താങ്കൾക്കു സ്മിതയും ഞാനും ഒരു പരുഷനും സ്ത്രീയും മാത്രമാണ്. എന്നാൽ എനിക്ക് അവൾ ഒരു മകളെ പോലെ യാണ്. അടുത്ത ജന്മത്തിലെങ്കിലും ആ ആഗ്രഹം നടന്നിരുന്നെങ്കിൽ എന്ന് ഞാൻ ആശിക്കാറുണ്ട്. ഈ മറുപടി എയർപോർട്ടിലെ വലിയ സ്ക്രീനിൽ കണ്ടുകൊണ്ടിരുന്ന ജനം കയ്യടിച്ചു. സ്മിതയിലെ നന്മ കണ്ടെത്തിയ ചുരുക്കം പേരിൽ ഒരാളായിരുന്നു വിനു.


തമിഴ് കന്നഡ തെലുങ്ക് മലയാളം ഹിന്ദി തുടങ്ങിയ ഭാഷകളിൽ അഞ്ഞൂറോളം സിനിമകളിൽ അഭിനയിച്ചു ജനലക്ഷങ്ങളെ തഴുകിയുറക്കിയ അവരുടെ മാദകറാണി മരിച്ചുകിടന്നപ്പോൾ അധികമാരും തിരിഞ്ഞു നോക്കിയില്ല. ഓർമയിൽ താലോലിക്കുന്ന അവരുടെ സിൽക്കിനെ ജീവനില്ലാതെ കിടക്കുന്നതു കാണാൻ അവർ ഭയപ്പെട്ടൊ? സിൽക്ക് സ്മിതയുടെ ത്രസിപ്പിക്കുന്ന ചിത്രങ്ങൾ അച്ചടിച്ച പത്രങ്ങൾ അവൾ മൃതശരീരമായ വാർത്ത പത്രങ്ങളുടെ കൊച്ചു കോളങ്ങളിൽ ഒതുക്കി. സ്മിതയൂടെ മരണവാർത്ത അറിഞ്ഞു വലിയത്തിരക്കു പ്രതീക്ഷിച്ചു ഹോസ്പിറ്റലിൽ എത്തിയ ഒരു മലയാള റിപോർട്ടർ അവിടെയെങ്ങും ആരെയും കണ്ടില്ല. മോർച്ചറിയിൽ സ്മിതയുടെ ചലനമറ്റ ശരീരം ഒറ്റയ്ക്ക് കിടന്നു. ഒരു സിനിമാക്കാരും ഒത്തുകൂടിയില്ല ഒരു അനുശോചനം പോലും നടത്തിയില്ല. ആരാധകരവരെ ഒറ്റനിമിഷം കൊണ്ട് മറന്നു പുതിയ മാദകറാ ണികളെ തേടി ക്യുവിൽ നിന്നു. മദ്രാസ് നഗരം പതിവുപോലെ അന്നത്തെ ദിവസവവും... കോടമ്പാക്കത്തു പുതിയ സിനിമകളുടെ ചിത്രീകരണവും പാട്ടും ഡാൻസും. തണുത്തു വിറങ്ങലിച്ച മോർച്ചറിയിൽ കിടന്ന സ്മിതയെ ആരും ഓർത്തില്ല.


സിൽക്ക് സ്മിതയുടെ മരണശേഷവും ഏതൊക്കെയോ എഡിറ്റിംഗ് ടേബിളുകളിൽ വെട്ടിമാറ്റിയ പഴയ സീനുകൾ കുത്തിത്തിരുകി ഇറക്കിയ ചിത്രങ്ങൾ പിന്നെയും കണ്ണിൽച്ചോരയില്ലാത്ത പ്രൊഡ്യൂസര്മാരുടെ പോക്കറ്റുകൾ നിറച്ചു . അക്കാലത്തു സ്മിതയെ സ്നേഹിച്ചിരുന്ന കുറച്ചു പേരെങ്കിലും ഇതിനെതിരെ ശബ്ദമുയർത്തിയിരുന്നു. കാലം അവളിലെ നന്മ കണ്ടെത്തിത്തുടങ്ങിയിരിക്കുന്നു. അതുകൊണ്ടു തന്നെ എനിക്കവളെ കഥാപാത്രം കൊടുത്ത സിൽക്ക് എന്ന വിശേണം കൂടാതെ വിളിക്കാനാണിഷ്ടം. ഒരു ഈയാം പാറ്റയെപോലെ പറന്നുപൊങ്ങി സ്വയം എരിഞ്ഞടങ്ങിയ അവൾ അനേകം പെൺകുട്ടികൾക്ക് ഒരു പാഠപുസ്തകമാണ്.. വഴികാട്ടിയാണ്.


സിനിമ എന്ന മായികലോകത്തിന്റെ കൂടാരത്തിൽ നിന്നും പുറത്താക്കപ്പെട്ട് പരാതിയും പരിഭവമില്ലാതെ ആർപ്പും ആരവവും പരിഹാസവും നിന്ദയുമില്ലത്ത, വെളിച്ചമില്ലാത്ത ലോകത്തേക്ക് നടന്നുപോയ സ്മിതക്ക് ഓർമപ്പൂക്കൾ.