ചെമ്മീൻ പുറത്തിറങ്ങിയിട്ടു അഞ്ചു പതിറ്റാണ്ടു കഴിഞ്ഞിരിക്കുന്നു. നാഷണൽ അവാർഡുകളടക്കം ഒട്ടേറെ പുരസ്‌കാരം നേടിയ ഈ ചിത്രം ലോക സിനിമയിൽ ഇന്ത്യയുടെ പേര് അറിയിച്ചു. ചിക്കാഗോ ഫിലിം ഫെസ്റ്റിവലിൽ സർട്ടിഫിക്കറ്റ് ഓഫ് മെറിറ്റ് പുരസ്കാരവും കാൻ ഫെസ്റ്റിവലിൽ ബെസ്‌റ് ഫോട്ടോഗ്രാഫർക്കുമുള്ള അവാർഡും നേടി . ഈ ക്‌ളാസ്സിക് സിനിമയുടെ വിശേഷങ്ങൾ ഇങ്ങിനെ ഒരുപാടുണ്ട്. പ്രഗത്ഭരായ അണിയറപ്രവർത്തകരെയും അഭിനേതാക്കളെയും ഒരുമിപ്പിച്ചു വമ്പൻ ബജറ്റിൽ ഒരുക്കിയ ഈ ചിത്രത്തിന്റെ നിർമാതാവ് ആരാണെന്നു വിക്കിപീഡിയയിൽ നോക്കിയാൽ ആ പേര് കാണാം.. കൂടുതൽ വിവരങ്ങൾ തരാൻ മറ്റൊരു പേജിലേക്കെയും തുറക്കാതെ പുതു തലമുറയ്ക്ക് തീർത്തും അപരിചിതമായ പേര്. ബാബു ഇസ്മായിൽ സേട്ട് അഥവാ ചെമ്മീൻ ബാബു.

ലോകപ്രശസ്ത നോവലായ തകഴിയുടെ ചെമ്മീനിൻറെ ആദ്യ പതിപ്പ് പുറത്തിറങ്ങിയപ്പോഴേ സംവിധയകൻ രാമു കാര്യാട്ടിന്റെ മനസ്സിൽ അതൊരു ചലച്ചിത്രമായി നിറഞ്ഞിരുന്നു. കഥകളെ സ്നേഹിക്കുന്ന തന്റെ അടുത്ത സുഹൃത്തായ വൈദ്യനാഥഅയ്യരോട് രാമു തന്റെ ആഗ്രഹം അറിയിച്ചു അങ്ങിനെ അയ്യരും രാമുവും തകഴിയെ ചെന്ന് കണ്ടു. തകഴിക്കു സന്തോഷമേ ഉണ്ടായിരുന്നുള്ളു പക്ഷെ ഒറ്റ കണ്ടീഷൻ. കഥയിൽ ഒരു ചെറിയ മാറ്റം പോലും പാടില്ല. രാമു കാര്യാട്ട് സമ്മതിച്ചു. 8000 രൂപ പ്രതിഫലം വാങ്ങി തകഴി ഒരു തുണ്ടുകടലാസിൽ ചെമ്മീൻ നിർമിക്കുന്നതിനുള്ള സമ്മത പത്രം എഴുതിക്കൊടുത്തു. അയ്യരുടെ മകൾ കൺമണിയുടെ പേരിൽ ബാനർ റെജിസ്റ്റർ ചെയ്‌തു. തിരക്കഥ പൂർത്തിയാക്കി സ്ക്രിപ്റ്റ് വായിച്ചു കേട്ടപ്പോൾ അയ്യർക്കൊരു സംശയം. ഈ പടം വിജയിക്കുമോ? റിസ്ക് എടുക്കാൻ തയ്യാറല്ലായിരുന്ന അയ്യർ അവസാനം ആ സംരംഭത്തിൽ നിന്നും പിന്മാറി.
രാമു കാര്യാട്ടിന്റെ മനസ്സിൽ ചെമ്മീൻ എന്ന സിനിമ ശക്തി പ്രാപിച്ചുകൊണ്ടിരുന്നു. എങ്ങിനെയും അത് സാഷാത്കരിക്കണം . ഒടുവിൽ തന്റെ ജീവിതാഭിലാഷമായ ആ ചിത്രം സ്വന്തമായി സിനിമയാക്കാൻ തീരുമാനിച്ചു. ഫിലിം ഫിനാസ് കോര്പറേഷനിൽ ലോണെടുക്കാൻ അപേക്ഷ കൊടുത്തെങ്കിലും ചിത്രത്തിന്റെ ആദ്യ ഘട്ടം സ്വന്തമായി ചെയ്യണം എന്നതായിരുന്നു നിയമം, അതിനുവേണ്ടി പൈസ ഉണ്ടാക്കാനുള്ള ശ്രമം രാമു ആരംഭിച്ചു. രാമു കാര്യാട്ട് തന്റെ സുഹൃത്തായ AD മാസ്റ്ററോട് ഇക്കാര്യം പറഞ്ഞപ്പോൾ അദ്ദേഹമാണ് അബു കോയയെ പരിചയപെടുത്തിയത് . അബുകോയ ഞങ്ങളെ എറണാകുളത്തെ തന്റെ ബന്ധു കൂടിയായ ബാബു സേട്ടിന്റെ അടുത്തേക്ക് കൊണ്ടുപോയി.
ബാബു ഇസ്മായിൽ സേട്ട് എറണാകുളത്തെ അതിസമ്പന്ന കുടുംബത്തിലാണ് ജനിച്ചത്. എറണാകുളം ദിവാൻസ് റോഡിലായിരുന്നു ബാബു സേട്ടിന്റെ പ്രൗഢഗംഭീരമായ വീട്. ബാബു സേട്ടിന്റെ പിതാവ് ഹാജി ഈസ സേട്ട് ചാവക്കാട് കൊടുങ്ങല്ലൂർ അഴിക്കോട് കൊച്ചി എന്നീ പ്രദേശങ്ങളുടെ പകുതിയുടെ അവകാശി ആയിരുന്നു . അളവറ്റ സമ്പത്തുള്ള കരപ്രമാണി. കണ്ണെത്താ ദൂരത്തോള പരന്നുകിടക്കുന്ന തെങ്ങിൻ തോപ്പുകളും പറമ്പുകളും വ്യാപാര സ്ഥാപനങ്ങളും. എറണാകുളം നഗരത്തിൽ ആദ്യമായി വില്ലുവണ്ടിയും മോട്ടോർകാറും എത്തിയത് ഈ കുടുംബത്തിലൂടെയാണ് . കൊച്ചിരാജാവിനു വരെ പണം കടം കൊടുത്ത ചരിത്രമുള്ള തലമുറ. പിതാവിന്റെ അകാലത്തിലുള്ള നിര്യാണം 20 വയസ്സും പോലും തികയാത്ത ബാബു എന്ന പൊടിമീശക്കാരനെ ബാബു സേട്ട് എന്ന പദവിയിലേക്ക് ഉയർത്തുകയായിരുന്നു.
തന്റെ മുന്നിലേക്ക് വന്ന സുമുഖനയ കൗമാരം വിട്ടുമാറാത്ത ആ പയ്യനെ കണ്ടു രാമു കാര്യാട്ടിനു സംശയമായി . ഇയ്യാൾക്ക് ചെമ്മീനിന്റെ നിർമാണ ചുമതല ഏറ്റെടുക്കാൻ സാധിക്കുമോ. പക്ഷെ ആ സംശയം അസ്ഥാനത്തായിരുന്നു. കലയോടും സിനിമയോടും അതീവ കമ്പമുള്ള ബാബുസേട്ട് കഥ കേട്ട ഉടനെ അതിന്റെ വിശദാംശങ്ങൾ ചോദിച്ചറിയാൻ ആരംഭിച്ചു. പിന്നീട് മുപ്പതു ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ചെമ്മീൻ സിനിമയുടെ ആദ്യഘട്ട നിർമാണം ഏറ്റെടുക്കാൻ തയ്യാറായി .
ബാബു സേട്ട് . പറഞ്ഞു/ നിങ്ങൾക്കു വേണ്ട എൺപതിനായിരം രൂപ ഞാൻ തരാം പക്ഷെ അതിൽ കൂടരുത് രാമുവിന് സന്തോഷമായി. തിരക്കഥ ഒന്ന് കൂടി ഫ്രഷ് ആക്കി. മറ്റു കടലാസ്സ് ജോലികൾ പൂർത്തിയാക്കി . ലോണിന്റെ ആവശ്യത്തിനായി കുറെ പ്രാവശ്യം ബോംബെയിൽ പോയി പക്ഷേ ശരിയായില്ല. കുറച്ചു പേർക്ക് അഡ്വാൻസ് കൊടുത്തു. അപ്പോഴേക്കും ബാബു സേട്ട് കൊടുത്ത പണം തീർന്നു പോയിരുന്നു.അത് രാമുവിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു . പക്ഷെ അവിടെ മറ്റൊരു ഗുണമുണ്ടായി, രാമുവും ബാബു സേട്ടും അടുത്ത സുഹൃത്തുക്കളായി. ആ ദൃഢമായ സൗഹൃദത്തിൽ കലയും സിനിമയും സംഗീതവുമൊക്കെ പ്രിയപ്പെട്ട വിഷയങ്ങളായി.
ഒരിക്കൽ 2 പേരും കൂടി ബോംബയിൽ പോയി തിരിച്ചു വരുമ്പോൾ ലോൺ ശരിയാകാത്ത വിഷമത്തിൽ രാമു കയ്യിലിരുന്ന അപേക്ഷകളെ നോക്കി മൗനമായി ഇരുന്നുന്നു. പെട്ടെന്ന് ബാബു ചോദിച്ചു എത്ര നാൾ ഇങ്ങിനെ സർക്കാർ ഓഫീസുകൾ കയറിയിറങ്ങി ജീവിതം നശിപ്പിക്കും മാഷേ ? രാമു കാര്യാട്ട് ഒന്നും മിണ്ടാതെ ട്രെയിനിന് പുറത്തേക്കു നോക്കികൊണ്ടിരുന്നു. തന്റെ ജീവിതാഭിലാഷം നടക്കുമെന്ന പ്രതീക്ഷ നഷ്ടമായിരിക്കുന്നു. തന്റെ മുന്നിൽ ഒരാളും പ്രത്യേകിച്ച് സാമ്പത്തിക പ്രതിസന്ധിയിൽ വിഷമിക്കുന്നത് ബാബു സേട്ടിന് ഇഷ്ട്ടമായിരുന്നില്ല, അദ്ദേഹം ചോദ്യം ആവർത്തിച്ചു. നീറിപുകഞ്ഞുകൊണ്ടിരുന്ന രാമു പൊട്ടിത്തെറിച്ചു. സിനിമയെടുക്കണമെങ്കിൽ പൈസ വേണം നീ തരുവോ ? ബാബു സേട്ട് രാമുവിന്റെ തോളിൽ പിടിച്ചു പുഞ്ചിരിച്ചു എന്നിട്ടു രാമുവിന്റെ കയ്യിലിരുന്ന അപേക്ഷ പേപ്പറുകൾ കീറി ട്രെയിനിന് പുറത്തേക്കെറിഞ്ഞു. സ്തംഭിച്ചു പോയ രാമുവിനോട് ബാബു സേട്ട് പറഞ്ഞു. ഞാൻ ഈ സിനിമ നിർമിക്കും മുഴുവൻ പണവും ഞാൻ മുടക്കും. രാമു കാര്യാട്ടിന് ഒരുനിമിഷം താൻ കേട്ടത് വിശ്വസിക്കാനായില്ല എങ്കിലും തന്നോട് ഇപ്പോൾ പറഞ്ഞത് കോടീശ്വരനായ ബാബു ഇസ്മായിൽ സേട്ട് ആണെന്ന യാഥാർഥ്യം പെട്ടെന്ന് തിരിച്ചറിഞ്ഞു. 55 വര്ഷങ്ങള്ക്കു മുൻപ് ചെമ്മീന്റെ മുടക്കു മുതലായ 9 ലക്ഷം ഒരു ഭീമമായ തുകയായിരുന്നു എങ്കിലും ബാബു സേട്ടിന് അങ്ങനെയായിരുന്നില്ല. ബാബു സേട്ടിന്റെ മറ്റു വ്യപാരങ്ങളോടൊപ്പം തേങ്ങാ ബിസിനസ്സ് ആയിരുന്നു പ്രധാനം. ഒരറ്റത്ത് നിന്ന് തേങ്ങാ ഇട്ടു തുടങ്ങി മറുവശത്തു എത്തുമ്പോഴേക്കും തുടങ്ങിയടത്തു വീണ്ടും ഫലം എടുക്കാൻ തയാറായി വരുന്നത്ര വിസ്തൃതമായി ഭൂപ്രദേശം ബാബു സേട്ടിന് ഉണ്ടായിരുന്നു എന്ന് എറണാകുളത്തുകാർ ഓർക്കുന്നു.
ബാബുസേട്ടിന് തന്റെ കന്നി സംരംഭമായ ചെമ്മീൻ ഒരു മഹാ സംഭവം ആക്കണമായിരുന്നു.അയ്യരുടെ പേരിൽ രെജിസ്റ്റർ ചെയ്തിരുന്ന കണ്മണി ഫിലിംസ് ബാനർ ബാബുസേട്ട് വാങ്ങി. സത്യൻ മധു ഷീല കൊട്ടാരക്കര എന്നിവരെ ഒക്കെ പ്രധാന അഭിനേതാക്കളായി തെരഞ്ഞെടുത്തു. ചെമ്മീൻ കളറിലെടുക്കാൻ മദ്രാസിലെ ഒരു ബാങ്കിൽ 50000 രൂപ ബോണ്ട് എഴുതുകൊടുത്ത് കളർ ഫിലിം വാങ്ങി.മദ്രാസ് ജെമിനി സ്റ്റുഡിയോയിൽ ജോലി ചെയ്യുകയായിരുന്ന മർകസ് ബാർട്ടലിയെ അവിടെ പൈസ അടച്ചു ചെമ്മീന്റെ ഷൂട്ടിങ്ങിനായി കൊണ്ട് വന്നു. 1964ൽ നോവലിലെ യഥാർത്ഥ സ്ഥലമായ പുറക്കാട് കടപ്പുറത്താണ് ഷൂട്ടിംഗ് ആരംഭിച്ചതെങ്കിലും നാട്ടുകാർ വാടക ആവശ്യപ്പെട്ടതോടെ മുടങ്ങി. പിന്നീട് കഥക്കനുയോജ്യമായ കടപ്പുറം തേടി രാമു കാര്യാട്ടും ബാബു സേട്ടും തന്റെ ബെൻസ് കാറിൽ പറന്നു നടന്നു.
അങ്ങിനെ അവസാനം അവരുടെ അന്വേഷണം അവസാനിച്ചത് നാട്ടിക കടപ്പുറത്താണ് . ചെമ്മീൻ എന്ന നോവലിലെ കടപ്പുറത്തിനിനോട് നൂറു ശതമാനം നീതി പുലർത്തുന്ന മനോഹര കടൽത്തീരം. ഒരു ക്ലാസിക് സിനിമ എല്ലാവരുടെയും മനസ്സിൽ ഉണ്ടായിരുന്നു. അവരുടെ സ്വപ്നങ്ങൾക്ക് നിറമേകാൻ കലാസ്നേഹിയും കരുണാഹൃദയനുമായ ബാബു സേട്ടും. കടപ്പുറത്തു തന്നെ ഭക്ഷണം പാകചെയ്ത് നാട്ടുകാരുടെ സ്നേഹവും സഹകരണങ്ങളും ഏറ്റുവാങ്ങി ചെമ്മീൻ ചിത്രീകരണം പുരോഗമിച്ചു.
സ്റ്റിൽ ഫോട്ടോഗ്രാഫർ ശിവൻ ( സന്തോഷ് ശിവൻ സംഗീത് ശിവൻ എന്നിവരുടെ അച്ഛൻ ) പെട്ടെന്ന് ഫോട്ടോ കാണാൻ പറ്റുന്ന ഒരു പോളറോയിഡ് കാമറ കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു എന്ന് രാമു കാര്യാട്ടിനോട് പറഞ്ഞു. ആവശ്യം കേട്ട ഉടനെ ബാബു സേട്ട് അമേരിക്കയിൽ നിന്നും കാമറ വരുത്തിക്കൊടുത്തു. മാർകസ് ബർട്ടലിക്കും ബാബു സേട്ടിനും രാമുവിനുമൊക്കെ ശിവന്റെ ഫോട്ടോ ഇഷ്ടപ്പെട്ടു. ബാബു സേട്ടിന്റെ കുടുംബവും ശിവന്റെ കുടുംബവും അടുത്ത ബന്ധം പുലർത്തി.
ക്ലൈമാക്സ് രംഗങ്ങളുടെ ഷൂട്ടിംഗ് കോഴിക്കോട് അഴിമുഖത്തു നടക്കുമ്പോൾ മുപ്പതോളം പേർ നിൽക്കുന്ന ഒരു ചങ്ങാടത്തിലായിരുന്നു ഷൂട്ടിംഗ്. സത്യൻ സ്രാവിനെ നേരിടുന്ന രംഗം. പെട്ടെന്ന് ശക്തമായ തിരയിൽ ചങ്ങാടത്തിനെ ബന്ധിപ്പിച്ച ഹാങ്ങർ ഇളകിത്തെറിച്ചു. ചങ്ങടം വേർപെട്ടു തിരയിൽ ആടിയുലഞ്ഞു. സത്യനും മാർകസുമടക്കം മികച്ച കലാകാരൻമാർ മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ. ചുഴിയിലകപ്പെട്ട ചങ്ങാടത്തിനെ വലിച്ചു കയറ്റാൻ മൽസ്യത്തൊഴിലുകൾ പോലും മടിച്ച ആ നിമിഷത്തിൽ ദൈവദൂതനെ പോലെ ഒരാൾ ബോട്ടുമായി പാഞ്ഞു വന്നു. ബോട്ട് ഡ്രൈവർ ജബ്ബാർ. അന്ന് ജബ്ബാർ അവിടെ എത്തിയില്ലായിരുന്നു എങ്കിൽ ചെമ്മീൻ ക്ലൈമാക്സ് ആ ചുഴികൾക്കുള്ളിൽ അവസാനിച്ചേനെ. സത്യനടക്കം ഒട്ടേറെപേർ രണ്ടാഴത്തോളം ആശുപത്രിയിലായി. വിലകൂടിയ ക്യാമറകളും ഫിലിംറോളുകളും നഷ്ടപ്പെട്ട് ഷൂട്ടിംഗ് മുടങ്ങി. ബാബു സേട്ട് എല്ലാ നഷ്ടവും നികത്തി താങ്ങും തണലുമായി. ഇന്ത്യയിലെ മികച്ച സിനിമ പ്രവർത്തകരുടെ ജീവൻ രക്ഷിച്ചതിനു പ്രതിഫലമായി ജബ്ബാറിന് ബാബു സേട്ട് നൽകിയത് എന്താണ് എന്ന് അറിയാമോ. 28 സെന്റ് സ്ഥലം. കാലങ്ങളോളം കരിക്കുളം ആശുപത്രിയിൽ ജബ്ബാറിനും അദ്ദേഹം നിർദേശിക്കുന്നവർക്കും ബാബു സേട്ടിന്റെ ഇടപെടലിൽ സൗജന്യ ചികിത്സ ലഭിച്ചു പോന്നു
ഒരിക്കൽ രാമു കാര്യാട്ടും ബാബു സേട്ടും കൂടി ഒരു ലോഡ്ജിൽ താമസിക്കുമ്പോൾ അടുത്ത വീട്ടിൽ നിന്നും ഒരു കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ. അവർ ആ വീട്ടിൽ പോയി കുഞ്ഞിന്റെ കാര്യം അന്വേഷിച്ചു. ഓമനത്തം തുളുമ്പുന്ന മുഖമുള്ള കുട്ടി. സത്യനും ഷീലക്കും വേണ്ടി സിനിമയിലേക്ക് ഒരു കൂട്ടിയെ അനേഷിക്കുന്ന സമയമായിരുന്നു അത്. ആവശ്യം അറിയിച്ചപ്പോൾ അബ്ദുവും നബീസയും മകൾ ഷകീലയെ ചെമ്മീനിലെക്കു അഭിനയിപ്പിക്കാൻ തയാറായി. അവരുടെ മകൾ ഷകീല പളനിയുടെയും കറുത്തമ്മയുടെയും മകളായപ്പോൾ കടപ്പുറത്തെ മൽസ്യത്തൊഴിലാകളായി അബ്ദുവും നബീസയും സ്‌ക്രീനിൽ പ്രത്യക്ഷപെട്ടു. നാൽപതു വർഷത്തിന് ശേഷം നാട്ടികയിൽ നടന്ന ആഘോഷ പരിപാടിയിൽ ഇപ്പോൾ കുടുംബിനിയായ ഷകീലക്കും ഒരു മൊമെന്റോ സമ്മാനിക്കുകയുണ്ടായി. ബാബു സേട്ട് വളരെ സുമുഖനും സുന്ദരനും ആയിരുന്നു. ഒരുപക്ഷെ സിനിമയിൽ അദ്ദേഹം അഭിനയിച്ചിരുന്നു എങ്കിൽ ഒരു സ്ഥാനം ഉറപ്പിച്ചേനെ എന്ന് ഒരിക്കൽ ബാബു സേട്ടിനോട് മധു സാർ പറഞ്ഞിട്ടുണ്ട് എന്ന് അദ്ദേഹം ഓർമ്മിക്കുന്നു.
ഒരു ഉത്സവകാലം കഴിഞ്ഞതുപോലെ ചെമ്മീൻ സിനിമയുടെ ഷൂട്ടിംഗ് അവസാനിച്ചു. മറ്റെല്ലാവരും കാത്തിരുന്നതുപോലെ കടപ്പുറം നിവാസികളും ചെമ്മീൻ സിനിമയ്ക്കുവേണ്ടി കാത്തിരുന്നു. ഓണത്തിനാണ് ചെമ്മീൻ തീയേറ്ററുകളിൽ റിലീസ് ചെയ്തത് . സൂപ്പർഹിറ്റായി ഓടിയ ചിത്രം ഒരു വർഷത്തോളം ഓടിയപ്പോൾ 30ലക്ഷത്തോളം രൂപ കളക്റ്റ് ചെയ്തു. ബാബു സേട്ടിന് ചെമ്മീൻ സാമ്പത്തിക വിജയമായതിനേക്കാൾ ഉപരി ഒരു മികച്ച കലാസൃഷ്‌ടി നിര്മിച്ചതിന്റെ സംതൃപ്തി ഉണ്ടായിരുന്നു . ബാബുസേട്ടിന് സ്വർണപ്പതക്കം സമ്മാനിച്ചത് ഇന്ദിരാഗാന്ധി ആയിരുന്നു. ചെമ്മീനിന്റെ ഒരു പരസ്യം ബാബുസേട്ടും രാമുവും സ്വർണ പതക്കം കഴുത്തിലണിഞ്ഞു നിൽക്കുന്നതായിരുന്നു.
ചെമ്മീനിന്റെ അഭൂതപൂർവമായ വിജയത്തിന് ശേഷം ബാബു സേട്ട് സിനിമയുമായി കൂടുതൽ അടുത്തു . ബാബുസേട്ട് ഇന്ത്യയിലെ തന്നെ വിജയം നുകർന്ന നിർമാതാക്കളിൽ ഒരാളായി. ബാബുസേട്ടിന് എപ്പോഴും ഒരു ആരാധകവൃന്ദം കൂടെയുണ്ടായിരുന്നു.സൽകാരപ്രിയനും ദാനശീലനുമായ ബാബുസേട്ട് അവരുടെ അഭിപ്രങ്ങൾ മാനിച് ദർബാറുകൾ നടത്തി. യഥാർത്ഥ സുഹൃത്തുക്കളെക്കാൾ കൂടുതൽ ബാബുസേട്ടിന്റെ അളവറ്റ സമ്പത്തിന്റെ സൗഭാഗ്യത്തെ കണ്ണുവെച്ചു അടുത്തുകൂടിയവരായിരുന്നു കൂടുതലും.
ഒരിക്കൽ ഓമനക്കുട്ടൻ മാസ്റ്റർ ചെമ്മീനിന്റെ ഷൂട്ടിങ്ങിന്റെ അനുഭവങ്ങൾ ഒരു പുസ്‌തകമാക്കാനുള്ള ആഗ്രഹത്തോടെ ബാബുസേട്ടിനെ കാണാൻപോയപ്പോൾ അവിടെ പരിവാരങ്ങളുമായി വലിയ ആഘോഷം നടക്കുകയായിരുന്നു . ആവശ്യം അറിയിച്ചപ്പോൾ ബാബു സേട്ടിന് ഒറ്റ കണ്ടീഷൻ ഈ പുസ്‌തകം ലോകത്തിലെ ഏറ്റവും മികച്ചതായിരിക്കണം. കാശു എത്രവേണം അഞ്ചു ലക്ഷം മതിയോ? ഓമനക്കുട്ടൻ മാഷ് ഞെട്ടി ഒരു ചെറിയ പുസ്‌തകം എഴുതാൻ അഞ്ചു ലക്ഷമോ? അപ്പോൾ അതിനുനു പുറകെ അനുചരന്മാരുടെ ശബ്ദം പത്തു ലക്ഷം വാങ്ങി പോ മാഷെ ..ഞെട്ടിപോയ മാസ്റ്റർ പതുക്കെ അവിടെ നിന്ന് വലിഞ്ഞു. രണ്ടു വർഷത്തിന് ശേഷം ഒരിക്കൽ നാഷണൽ ബുക്ക് സ്റ്റാളിൽ വെച്ച് ഓമനക്കുട്ടൻ മാസ്റ്ററെ കണ്ടപ്പോൾ ബാബു സേട്ട് ചോദിച്ചു. മാഷിനെ പിന്നെ അതുവഴി കണ്ടില്ലല്ലോ. ബാബു സേട്ട് അന്നവിടെ എത്തിയത് രാമായണത്തിന്റെ വ്യഖ്യാനം തേടിയായിരുന്നു എന്നത് അദ്ദേഹത്തിന്റെ കൂടുതൽ അറിയാൻ പഠിക്കാനും ഉണ്ടായിരുന്ന താല്പര്യത്തെ സൂചിപ്പിക്കുന്നു.
അങ്ങനെയിരിക്കെയാണ് എറണാകുളത്തു എല്ലാ സൗകര്യമുവുമുള്ള ഒരു സിനിമാതിയേറ്റർ തുടങ്ങണമെന്ന് ബാബു സേട്ട് ആഗഹിക്കുന്നതു. ബാബുസേട്ട് ഒരു ദൃഢനിശ്ചയക്കാരനായിരുന്നു. ആഗ്രഹിച്ചാൽ അത് നടത്തിയിരിക്കും അങ്ങിനെ എംജി റോഡിൽ 87 സെന്റിൽ എറണാകുളത്തെ ഏറ്റവും മികച്ച തിയേറ്റർ ആയി കവിത തിയേറ്റർ ഉയർന്നുവന്നു.
കവിതയിൽ ഓടുന്ന പടം നല്ലതായിരിക്കും എന്നൊരു പ റച്ചിൽ എറണാകുളത്തുണ്ട്. പഴയ തലമുറയ്ക്ക് ഒരുപാടു ഓർമകൾ സമ്മാനിക്കുന്ന തിയേറ്റർ ആണ് എറണാകുളം കവിത. ചെമ്മീൻ സിനിമയുടെ ലാഭം കൊണ്ടാണ് ബാബു സേട്ട് കവിത തിയേറ്റർ നിർമിച്ചത്. ഫോട്ടോഗ്രാഫർ ശിവൻ തിയേറ്ററിന്റെ ഇന്റീരിയർ ചെയ്യണമെന്ന് ബാബു സേട്ടിന് നിർബ്ബന്ധമായിരുന്നു. മികച്ച സീറ്റിംഗും പരവതാനിയും കഫറ്റീരിയയുമൊക്കെ തീയേറ്ററിന് രാജകീയ പ്രൗഢി നൽകി. ഡിം ലൈറ്റുകളും കളർ ഡെക്കറേഷനും മോഹിപ്പിക്കുന്ന സുഗന്ധവുമൊക്കെ ബാബു സേട്ടിന്റെ തിയേറ്റർ സ്വപ്നം യാഥാർഥ്യമാക്കി. കേരളത്തിലാദ്യമായി തീയേറ്ററിലേക്ക് എത്തുന്നവരെ സ്വാഗതം ചെയ്തുകൊണ്ട് ഒരു ഹൃസ്വ ചിത്രം പ്രദര്ശിപ്പിച്ചു . ഇതിനുവേണ്ടി ബാബു സേട്ട് പ്രത്യേകം ഷൂട്ട് ചെയ്തു. തിയേറ്ററിന്റെ അങ്കണത്തിൽ സ്ഥാപിച്ചിരുന്ന സ്തൂപത്തിൽ എഴുതാൻ നാലുവരികവിത ബാബു സേട്ട് വാങ്ങിയത് മഹാകവി വയലാറിൽ നിന്നാണ്. തീയേറ്ററിനുള്ളിൽ ചെമ്മീൻ പ്രദർശിപ്പിക്കുമ്പോൾ ബാല്കണിയുടെ ഡോർ തുറന്ന് ശിവനും ബാബു സേട്ടും എത്തി . എ സി യുടെ സുഖശീതളിമയിൽ എറണാകുളത്തെ ജനങ്ങൾ തൻറെ സിനിമ തന്റെ തിയേറ്ററിൽ കാണുന്നത് ബാബു സേട്ട് അഭിമാനത്തോടെ ഇരുട്ടിൽ തലയുയർത്തി നിന്നു നോക്കി കണ്ടു . ശിവൻ പെട്ടെന്നൊരു തമാശ പറഞ്ഞു . ചെമ്മീനോടുമ്പോൾ നമ്മുടെ തിയേറ്ററിൽ പെർഫ്യൂം അല്ല മീൻ മണം ആണ് വേണ്ടത്. ഇത് കേട്ട് ബാബു സേട്ട് പൊട്ടിപ്പൊട്ടി ചിരിച്ചു.
ഇത്രയും വര്ഷങ്ങള്ക്കു ശേഷവും ഇപ്പോഴും ബാബുസേട്ടിനെ ഇഷ്ടപ്പെടുന്നവർ ഓർക്കുന്നവർ,, ഒരുപാടുണ്ട് ..അത് അദ്ദേഹത്തിന്റെ സുഹൃത്‌വലയമല്ല.. അനുചരന്മാരല്ല ..എറണാകുളത്തെ ബാബുസേട്ടിന്റെ നന്മ മനസിലാക്കിയ സാധാരണ മനുഷ്യരാണ് .. ചെമ്മീൻ സിനിമയും കവിത തീയേറ്ററും പിന്നെ ദിവാൻജി റോഡിലുള്ള ആ വലിയ വീടും ആരുടേതു മായികൊള്ളട്ടെ.. അവർക്കിതൊക്കെ അവരുടെ പ്രിയപ്പെട്ട ബാബു സേട്ടിന്റെതാണ് അദ്ദേഹത്തിന്റെ അവശേഷിച്ച ഓർമകളായി അത് എന്നും നിലനിൽക്കട്ടെ...
ബാബു സേട്ടിന്റെ അടുത്ത ചിത്രം രാമു കാര്യാട്ട് തന്നെ സംവിധാനം ചെയ്ത ഏഴു രാത്രികൾ ആയിരുന്നു . ചെമ്മീനിന്റെ വിജയം പക്ഷെ ആവർത്തിക്കാനായില്ല . ഏഴു രാത്രികൾ വൻ പരാജയമായിരുന്നു. ആവശ്യത്തിൽ കൂടുതൽ പണം പബ്ലിസിറ്റിക്കും മറ്റുമായി ബാബു സേട്ട് ചെലവാക്കിയത് മറ്റൊരു കാരണമായിരുന്നു. പല ബിസിനസ്സുകളും നഷ്ടത്തിലേക്ക് നീങ്ങി. സ്തുതിപാഠകർ ആശ്വാസ സന്ദേശങ്ങൾ മുറക്ക് കൊടുത്തു് ബാബുസേട്ടിനെകൊണ്ട് സിനിമയിലേക്ക് വീണ്ടും പരീക്ഷണങ്ങൾ നടത്താൻ പ്രേരിപ്പിച്ചു.
ബാബു സേട്ടിന്റെ ഭാര്യയുടെ വിട്ടുമാറാത്ത രോഗങ്ങളും ഒരു കുഞ്ഞുണ്ടാകാതിരുന്നതും അദ്ദേഹത്തെ അലട്ടിയിരുന്നു. എങ്കിലും ബാബു സേട്ടും ഭാര്യം തമ്മിലുള്ള ബന്ധം ആർക്കും അസ്സൂയ ജനിപ്പിക്കുന്നതായിരുന്നു. ബാബുസേട്ടിന്റെ ഭക്ഷണത്തിന്റെ രുചിയറിയാത്ത കൂട്ടുകാർ ഇല്ലായിരുന്നു . രോഗം മൂർച്ഛിച്ച ബാബുസേട്ടിന്റെ ജീവിത സഖി എന്നെന്നേക്കുമായി അദ്ദേഹത്തെ വിട്ടുപിരിഞ്ഞു. ഇത് ബാബു സേട്ടിനെ പൂര്ണമായും തളർത്തി കളഞ്ഞു . ബാബു സേട്ടിന്റെ ഭാര്യ വിട്ടുപിരിഞ്ഞ ആ ദിവസം തന്റെയും ഭാര്യയുടെയും സൽക്കാര പാർട്ടികൾ ആവോളം ഭക്ഷിച്ചവർ അവിടെയെത്താഞ്ഞതും ഒരു ആശ്വാസവാക്കുകൾ പോലും പറയാതിരിന്നതും ബാബു സേട്ടിനെ സങ്കടപ്പെടുത്തി, രോഷാകുലനാക്കി . അന്നത്തെ പ്രധാന പത്രങ്ങളിലെല്ലാം തന്റെ പ്രതിഷേധവും അവരുടെ നന്ദികേടും നാലുകോളത്തിലെഴുതി പ്രസിദ്ധപ്പെടുത്തി. സാമ്പത്തിക അടിത്തറ ഇളകി തുടങ്ങിയ ബാബു സേട്ടിൽ നിന്നും അകലാൻ ഒരു കാരണം നോക്കിയിരുന്നവർക്കു ഇതൊരു നല്ല അവസരമായി. രാജ പ്രൗഢിയിൽ ജീവിച്ചു വന്ന ബാബു സേട്ട് പിടിച്ചു നില്ക്കാൻ തന്റെ എണ്ണമറ്റ സ്ഥലങ്ങൾ ഒന്നൊന്നായി വിൽക്കാൻ തുടങ്ങി. തിരിച്ചു കയറാൻ അദ്ദേഹം ഒരു സിനിമകൂടി ചെയ്യാൻ പ്ലാൻ ചെയ്തു അതായിരുന്നു അസ്തി എന്ന സിനിമ. ബാബു സേട്ട് തന്നെ തിരക്കഥ എഴുതി.
ഒരു കാലത്തു ബാബുസേട്ടിന്റെ പുറകെ നടന്ന ഫൈനാൻസിയേഴ്‌സ് അദ്ദേഹത്തിന് ഒരാവശ്യം വന്നപ്പോൾ ഒഴിഞ്ഞുമാറി. ഒരു ദിവസം ബാബു സേട്ട് ഷൂട്ടിംഗ് ലൊക്കേഷനിൽ വന്നത് ഒരു ടാക്സിയിലായിരുന്നു. തന്റെ സന്തത സഹചാരിയായിരുന്ന അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ബെൻസ് കാറും ഷൂട്ടിംഗ് ആവശ്യത്തിലേക്കു വിറ്റു. മൂന്നാമത്തെ ചിത്രമായ അസ്ഥിയും ദയനീയമായി പരാജയപെട്ടു. അതിനു ശേഷവും മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം കൂടി ചെയ്യാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ഒന്നും നടന്നില്ല.
സാമ്പത്തിക ക്ലേശവും ഭാര്യയുടെ മരണവും സിനിമകളുടെ പരാജയങ്ങളും
ബാബു സേട്ടിനെ വരിഞ്ഞുമുറുക്കി .ഉയർന്ന പലിശനിരക്കിൽ കോടിക്കണക്കിനു രൂപ പണമിടപാട് സ്ഥാപനങ്ങളിൽ നിന്നും ബാങ്കുകളിൽ കടമെടുത്തു. പ്ലാൻ ചെയ്ത പലസംരഭങ്ങളും പരാജയപെട്ടു. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ബാബു സേട്ട് രണ്ടാമതൊരു വിവാഹം കഴിച്ചു . ഊട്ടി സ്വാദേശിനിയായ ഫർഹാനയിൽ അദ്ദേഹത്തിന് ഒരു ആൺകുട്ടി പിറന്നു. പക്ഷെ ഒന്നും പഴയതുപോലെയായില്ല. ബാബു സേട്ടിന്റെ ജീവിതം കെട്ടുറപ്പില്ലാതെ എവിടെയൊക്കെയോ അയഞ്ഞു കിടന്നു . അതിനിടയിൽ എറണാകുളത്തെ വീടും അദ്ദേഹത്തിന് വിൽക്കേണ്ടി വന്നു.
ബാബു സേട്ടിന്റെ കടബാധ്യത കൂടി വന്നപ്പോൾ ബാബു സേട്ടിന് പിന്നീട് ആകെയുണ്ടായിരുന്നത് കവിത തിയേറ്റർ മാത്രമായിരുന്നു . അധികം താമസിയാതെ കവിത തീയേറ്ററും അദ്ദേഹത്തിന് വിൽക്കേണ്ടി വന്നു. എറണാകുളം നഗരത്തിൽ ബാബു സേട്ടിന്റെ തിയേറ്റർ എന്ന പേരിൽ അറിയപ്പെട്ട കവിതയും നഷ്ട്ടപെട്ടതോടെ അദ്ദേഹത്തിന്റെ പരാജയം പൂർത്തിയായി. കവിത തിയേറ്റർ വിറ്റു കിട്ടിയ പൈസ മിക്കവാറും കടം വീട്ടാൻ ഉപയോഗിച്ചു. ഊട്ടിയിൽ ബാബു സേട്ട് 35 സെന്റ് സ്ഥലം വാങ്ങി അതിൽ 17 സെന്ററിൽ ഭാര്യ ഫർഹാനക്ക് ഒരു വീട് പണി ആരംഭിച്ചു . 4000 sqft ൽ പണിത ആ വീട് ഊട്ടി ക്ലബ് റോഡിൽ ഫർഹാന മൻസിൽ എന്ന് അറിയപ്പെടുന്നു.
മാനസിക സംഘര്ഷങ്ങളാൽ ഉലഞ്ഞ ബാബു സേട്ട് പലവിധ അസുഖങ്ങളാൽ ഉഴറി. 2002ൽ ബാബു സേട്ടും ഫർഹാനയും നിയമപരമായി വേര്പിരിഞ്ഞതോടെ ബാബു സേട്ട് പൂർണമായും ഒറ്റപ്പെട്ടു . എറണാകുളത്തു മണിമന്ദിരത്തിലും സ്റ്റാർ ഹോട്ടലുകളിലും രാജാവായി ജീവിച്ച ബാബു സേട്ട് തന്റെ താമസം കുടുസു മുറി ലോഡ്ജുകളിലും കൊച്ചു വാടക വീടുകളിലുമായി. സിൽക്കിന്റെ ലുങ്കിയും തിളങ്ങുന്ന ജുബ്ബയും ധരിച്ചു ഓട്ടോറിക്ഷയിൽ സാദാ ബാറുകളിൽ കയറി ഒന്നോ രണ്ടോ പെഗ്ഗ് കഴിച്ചു മിണ്ടാതെ മുറിയിലേക്ക് പോകുന്നത് എറണാകുളത്തുകാർക്ക് ഒരു പുതിയ കാഴ്ചയല്ലാതായി. അസുഖത്തിന്റെ തീവ്രതയിൽ ബാബു സേട്ടു ആഴചകളോളം പാലാരിവട്ടത്തെ ധന്യ നേഴ്സിങ് ഹോമിൽ പല തവണ കിടന്നതു ആരും അറിഞ്ഞില്ല. ആരുടെയും മുന്നിൽ ഒരിക്കലും കൈനീട്ടാത്ത ബാബു സേട്ട് ഒഴിഞ്ഞ പഴ്സുമായി എറണാകുളം നഗരത്തിലെ ഇടുങ്ങിയ മുറികളിൽ കുമ്പിട്ടിരുന്നു . ബാബു സേട്ടിന്റെ സമൃദ്ധിയുടെ കാലത്തു സഹായങ്ങളും ആഘോഷങ്ങളും ആവോളം നുകർന്ന നന്ദികെട്ട കൂട്ടുകാർ വല്ലപ്പോഴും ഏകാകിയായി എംജി റോഡിൽ കൂടി നടന്നുപോകുന്ന ബാബു സേട്ടിനെ രഹസ്യമായി വീക്ഷിച്ചു. ബാബു സേട്ടിന്റെ കഷ്ടത നിറഞ്ഞ ജീവിതം അവർ എയകണ്ടിഷൻഡ് ബാറുകളിൽ മദ്യം സേവിച് ചർച്ചാവിഷയങ്ങളാക്കി. എത്രയോ രാത്രികളിൽ ബാബു സേട്ട് താൻ പടുത്തുയർത്തിയ കവിത തീയേറ്ററിന് മുന്നിൽ നിറമിഴികളോടെ നിന്ന് കഴിഞ്ഞകാലം അയവിറക്കിയിട്ടുണ്ടാവണം. എറണാകുളത്തെ തെരുവുകളിൽ ചില നല്ല സുഹൃത്തുക്കൾ അദ്ദേഹത്തോട് സംസാരിക്കാൻ ശ്രമിച്ചാൽ ബാബു സേട്ട് ഒരു ചിരിയിലൊതുക്കി നിശബ്ദനായി നടന്നു പോകും . എല്ലാം നഷ്ടപ്പെട്ടാലും ബാബുസേട്ടിന്റെ മനസ്സ് കിരീടവു ചെങ്കോലും നഷ്ടപെട്ട ഒരു രാജാവിന്റേത് പോലെയായിരുന്നു. തന്നെ ഇഷ്ട്ടപെടുന്നവർക് സഹായം വേണ്ടവർക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല എന്നോർത്ത് ആ നിലയില്ലാകയത്തിലും ബാബുസേട്ട് വേദനിച്ചു.
അവസാന നാളുകളിൽ ബാബു സേട്ടിന്റെ അനുജൻ ഇക്ബാൽ സേട്ട് അദ്ദേഹത്തെ വീട്ടിലേക്കു കൊണ്ടുപോയി. 2005 നവംബർ 25ന് ബാബു സേട്ട് ഈ ലോകത്തോട് വിടപറഞ്ഞു . ബാബു സേട്ടിന്റെ അവസാന നാളുകളെക്കുറിച്ചു വളരെ കുറച്ചു വിവരങ്ങളേയുള്ളു. കാരണം അദ്ദേഹം അതൊന്നും ആരോടും പറഞ്ഞിരുന്നില്ല. അറിയേണ്ടവർ ബാബു സേട്ടിനെ മനഃപൂർവം മറന്നു. നാട്ടിക കടപ്പുറത്തു നിശബ്ദനായി ഒരു രാത്രി ഒറ്റയ്ക്ക് നിന്ന് തന്റെ പ്രതാപകാലത്തിന്റെ ഓർമ്മകൾ വേട്ടയാടനുവദിച്ച ബാബു സേട്ടിനെ ആരും അറിഞ്ഞില്ല . ബാബു സേട്ടിന്റെ കാൽപാദങ്ങളെ തഴുകി ആശ്വസിപ്പിച്ചു കടന്നുപോയ ആകൊച്ചു തിരമാലകളുടെ നന്ദി പോലും അദ്ദേഹത്തോട് ആരും കാണിച്ചില്ല. കൊച്ചി നഗരത്തിനു ഒരുപാടു സംഭാവനകൾ നൽകിയ ബാബു സേട്ടിന് വേണ്ടി ഒരു അനുശോചനവും നടന്നില്ല . ഒരു പത്രക്കാരും ആദ്ദേഹത്തെ ഓർത്തില്ല.