
മൂന്നു ചിത്രങ്ങളുടെ പരാജയശേഷമാണ് തമ്പി കണ്ണന്താനം രാജാവിന്റെ മകൻ സംവിധാനം ചെയ്യുന്നത്. മോഹൻലാലിനെ ഒരു അധോലോകനായകന്റെ പരിവേഷത്തിൽ അന്ന് വരെ കാണാഞ്ഞതും സംവിധായകന്റെ മുൻചിത്രങ്ങൾ പരാജയപെട്ടതും മൂലം ആരും ചിത്രം നിർമിക്കാൻ മുൻപോട്ട് വന്നില്ല തമ്പിച്ചായന് വാശിയായി. കാറും സ്ഥലങ്ങളും വരെ വിറ്റു രാജാവിന്റെ മകൻ സ്വന്തമായി നിർമിച്ചു തമ്പി സംവിധാനം ചെയ്തു.
മികച്ച സിനിമകളുടെ വിജയരഹസ്യം കഥകളാണെന്നു മനസിലാക്കിയ തമ്പിച്ചായന് പിന്നെ ഹിറ്റുകളുടെ തേരോട്ടമായിരുന്നു. ഇന്ദ്രജാലവും നാടോടിയുമൊക്കെ ഭൂമിയിലെ രാജാക്കന്മാരുമൊക്കെ തിയേറ്ററുകളെ ഇളക്കിമറിച്ചു. എല്ലാം മോഹൻലാൽ ചിത്രങ്ങൾ എങ്കിലും രാജാവിന്റെ മകൻ ഒരു പടി മുൻപിൽ നിന്നു.
2004 ൽ പുറത്തിറങ്ങിയ ഫ്രീഡം ആയിരുന്നു അദ്ദേഹം സംവിധാനം ചെയ്ത അവസാന ചിത്രം. പിന്നീട് മലയാളം സിനിമയിൽ മാറ്റങ്ങൾ സംഭവിച്ചു. പുതുതലമുറയുടെ രംഗപ്രവേശം. മദ്രാസിൽ നിന്നും കേരള ത്തിലേക്കുള്ള സിനിമയുടെ പറിച്ചു നടൽ. തമ്പിച്ചായൻ സിനിമയിൽ നിന്നും പതുക്കെ പിൻവാങ്ങി. അപ്പോഴും മലയാളത്തിലെ മികച്ച ത്രില്ലർ സിനിമയായി രാജാവിന്റെ മകൻ നിലകൊണ്ടു. കണ്ണന്താനം വീട്ടിൽ സ്വസ്ഥമായിരിക്കുമ്പോഴും അദ്ദേഹത്തെ തേടി ധാരാളം മെസ്സേജുകൾ വന്നുകൊണ്ടിരുന്നു. എല്ലാവര്ക്കും വേണ്ടത് രാജാവിന്റെ മകന്റെ രണ്ടാം ഭാഗം. ഇരുപത്തിയാറാം വയസിൽ മോഹൻലാലിൽനെ സൂപ്പർസ്റ്റാർ പദവിയിലേക്ക് പിടിച്ചു കയറ്റിയ സംവിധായകനോടുള്ള ആയിരങ്ങളുടെ അപേക്ഷ. തമ്പിച്ചായനിലെ തമ്പി കണ്ണന്താനം എന്ന സംവിധായകൻ പതുക്കെ ഉണരാൻ തുടങ്ങി. ഉള്ളിൽ വീണ്ടും രാജാവിന്റെ മകനിലെ വിൻസെന്റ് ഗോമസിന്റെ ചിന്തകൾ ശക്തി പ്രാപിച്ചപ്പോൾ തമ്പിച്ചായൻ ലാലേട്ടനെ വിളിക്കുകപോലും ചെയ്തു . അദ്ദേഹത്തിന് ആ കഥാപാത്രം ചെയ്യാൻ സന്തോഷമേ ഉണ്ടായിരുന്നുന്നുള്ളു .
പക്ഷെ വിധി ഒന്നിനും കാത്തു നിൽക്കാതെ നിത്യതയുടെ സിംഹാസനത്തിലേക്കു തമ്പിച്ചായനെ കൂട്ടികൊണ്ടുപോയി. 2018 ഒക്ടോബർ 2 ന് അദ്ദേഹം അസുഖത്തെ തുടർന്നു കൊച്ചിയിലെ ഹോസ്പിറ്റലിൽ ഈ ലോകത്തോട് യാത്ര പറഞ്ഞു. അദ്ദേഹത്തിന് 64 വയസ്സായിരുന്നു. രാജാവിന്റെ മകൻ എന്ന ഒറ്റ സിനിമ മതി തമ്പിച്ചായനെ ഓർത്തിരിക്കാൻ. മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ സൂപ്പർസ്റ്റാർ ആക്കിയ സംവിധായകൻ.

തമ്പിച്ചായൻ മരിച്ച ദിവസം മോഹൻലാലിൻറെ അനുശോചന കുറിപ്പ് ഇങ്ങിനെയായിരുന്നു.
എന്നെ രാജാവിന്റെ മകൻ എന്ന് വിളിച്ചയാൾ ..എന്റെ പ്രണവിനെ മൂവീക്യാമറയ്ക്കുമുന്നിൽ നിർത്തി അഭിനയത്തിന്റെ ഹരിശ്രീ പഠിപ്പിച്ചു കൊടുത്ത സംവിധായകൻ പ്രിയപ്പെട്ട തമ്പി കണ്ണന്താനം ... കണ്ണീരോടെ വിട.
Tags : Thambi Kannanthanam, Rajavinte makan, Vincent Gomez,